മൂന്നുവയസുകാരിക്കായി വ്യാപക തിരച്ചില്‍; പുഴയിലിറങ്ങി സ്‌കൂബ സംഘം

പഴയപാലത്തിന് സമീപം വെളളപ്പൊക്കം വന്ന സമയത്ത് അടിഞ്ഞുകൂടിയ മരക്കഷണങ്ങളും കലങ്ങിയ വെളളവും തെരച്ചിലിന് തടസമാകുന്നുണ്ടെന്ന് തെരച്ചില്‍ നിര്‍ത്തി കയറിയ പ്രദേശവാസികള്‍ പറയുന്നു

കൊച്ചി: തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി വ്യാപക തെരച്ചില്‍. മൂഴിക്കുളത്ത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്. സ്‌കൂബാ സംഘവും സംഭവസ്ഥലത്ത് എത്തി തിരച്ചിലിനായി പുഴയിലിറങ്ങിയിട്ടുണ്ട്. ചെറുവഞ്ചികളില്‍ പല സംഘങ്ങളായി തിരിഞ്ഞാണ് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നത്. വലിയ ആഴമുളള പുഴയാണ്. കനത്ത മഴയും വെളിച്ചക്കുറവും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.

പഴയപാലത്തിന് സമീപം വെളളപ്പൊക്കം വന്ന സമയത്ത് അടിഞ്ഞുകൂടിയ മരക്കഷണങ്ങളും കലങ്ങിയ വെളളവും തെരച്ചിലിന് തടസമാകുന്നുണ്ടെന്ന് തെരച്ചില്‍ നിര്‍ത്തി കയറിയ പ്രദേശവാസികള്‍ റിപ്പോർട്ടറിനോട് പറഞ്ഞു. പാലത്തിന്റെ മധ്യഭാഗത്തു നിന്നാണ് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞതെന്നായിരുന്നു അമ്മയുടെ മൊഴി. അതുകൊണ്ട് ഈ മേഖല കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. പുഴയില്‍ നാലാൾ പൊക്കത്തില്‍ വെളളമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്ന് വൈകിട്ട് നാലോടെയാണ് കുട്ടിയെ കാണാതായത്. ആലുവയിൽ വെച്ചാണ് കുട്ടിയെ കാണാതായത്. തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ ബസ്സിൽ വെച്ചാണ് കുട്ടിയെ കാണാതാവുന്നത്. അമ്മ കുട്ടിയുമായി മൂഴിക്കുളം പാലത്തിന് സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. മൂഴിക്കുളം പാലത്തിൻ്റെ പരിസരത്ത് അമ്മ കുട്ടിയുമായി ബസ് ഇറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ അമ്മ നൽകിയ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആലുവയിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകിയത്.

To advertise here,contact us