ഹെല്‍മെറ്റും ലൈസന്‍സും ഇല്ല; നാല് വിദ്യാർത്ഥികൾ ഒരു ബൈക്കില്‍, ചെന്നുപെട്ടത് മന്ത്രിയുടെ മുന്നില്‍

പത്തനാപുരത്ത് കുടുംബശ്രിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി

കൊല്ലം: തനിക്ക് പുറമെ മൂന്ന് പേരുമായി ഇരുചക്രവാഹനം ഓടിച്ച വിദ്യാര്‍ത്ഥി ചെന്നുപെട്ടത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. കൊല്ലം പത്തനാപുരത്താണ് സംഭവം. തുടര്‍ന്ന് വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് ഹെല്‍മെറ്റോ ലൈസന്‍സോ ഉണ്ടായിരുന്നില്ല. പത്തനാപുരത്ത് കുടുംബശ്രിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

'വീട്ടുകാര് പിള്ളേരേല്‍ വണ്ടികൊടുത്തുവിടാന്‍ പാടില്ല. ഉടമസ്ഥന്‍ ആരാണെന്ന് കണ്ടുപിടിച്ച് ആര്‍ടി ഓഫീസില്‍ പറഞ്ഞ് ലൈസന്‍സ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. 18 വയസ് പോലും ആയില്ല. നാല് പേരും ഒരു ബൈക്കും…'എന്നാണ് നടപടി ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി പറയുന്നത്.

പരിപാടിയുടെ ഭാഗമായ ഘോഷയാത്ര കഴിഞ്ഞ സ്റ്റേജിലേക്ക് കയറുന്നതിനിടയിലാണ് ഒരു സ്‌കൂട്ടറില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ വരുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ആര്‍ടിഒയ്ക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അതാണ് നിയമമെന്നും മന്ത്രി പൊലീസിനോട് നിര്‍ദേശിച്ചു.

Content Highlights: student riding a two-wheeler with three other people KB Ganesh Kumar seeks action

To advertise here,contact us