ഒറ്റപ്പാലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയില് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികന്. ഒറ്റപ്പാലം സ്റ്റേഷനില് ചരക്ക് തീവണ്ടിക്ക് മുന്നില് പാളത്തിനുള്ളില് കിടന്ന തിരുവില്വാമല സ്വദേശിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 42 ബോഗികളുള്ള ചരക്ക് തീവണ്ടിക്കടിയില് നിന്നാണ് ഒരു പോറലുമേല്ക്കാതെ വയോധികന് ജീവിതത്തിലേക്ക് തിരികെ കയറിയത്.
ആത്മഹത്യാശ്രമമാണെന്നാണ് ദൃക്സാക്ഷികള് പറയുന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഒറ്റപ്പാലം സ്റ്റേഷനിലെ അപ്ലൈനില് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിക്ക് മുന്നിലേക്ക് നടന്ന് വന്ന ഇയാള് പാളത്തിനുള്ളില് കിടക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള് പറഞ്ഞു. പാളത്തിനുള്ളില് കിടന്നത് കൊണ്ടാണ് അപകടമൊന്നുമേല്ക്കാതെ രക്ഷപ്പെട്ടതെന്നാണ് നിഗമനം.
സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാര് ഇയാളെ അലറി വിളിച്ചിരുന്നു. എന്നാല് ഇത് വകവെക്കാതെ വയോധികന് പാളത്തിനുള്ളില് കിടക്കുകയായിരുന്നു. അതിവേഗത്തില് തീവണ്ടി കടന്നു പോയതിന് പിന്നാലെ ഇയാള് എഴുന്നേല്ക്കുകയും ചെയ്തു. പിന്നാലെ റെയില്വേ അധികൃതര് വിവരമറിയിച്ചതിനെ തുടര്ന്ന് ആംബുലന്സെത്തി ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മെറ്റലില് കിടന്നത് കൊണ്ടുള്ള ചെറിയ മുറിവുകളൊഴിച്ചാല് വയോധികന് കാര്യമായ പരിക്കുകളൊന്നുമില്ല. ശരീരം പൂര്ണമായും പാളങ്ങള്ക്കുള്ളിലായതിനാലാകാം ഒന്നും പറ്റാതിരുന്നതെന്ന് അധികൃതര് അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Old man escaped from under train in Ottappalam