മലപ്പുറം: കൂരിയാട് ദേശീയ പാത തകർന്നുണ്ടായ അപകടം വിശദീകരിച്ച് അപകടത്തിൽ പരിക്കേറ്റ കുടുംബം.
സർവീസ് റോഡിലെ വിള്ളൽ കണ്ടാണ് വാഹനം പതുക്കെ ഓടിച്ചതെന്നും അപ്രതീക്ഷിതമായാണ് മുകളിൽ നിന്നും കോൺക്രീറ്റ് വീണതെന്നും കുടുംബം റിപ്പോർട്ടറിനോട് പറഞ്ഞു.
കല്ലും, കമ്പിക്കഷ്ണങ്ങളും വണ്ടിയുടെ മുകളിലേക്ക് വീണു. പെട്ടെന്ന് റോഡ് ചരിഞ്ഞുപോയി. വാഹനത്തിന്റെ ഗ്ലാസ്സുകൾ തകർന്നാണ് ഉള്ളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതെന്നും കുടുംബം പറഞ്ഞു. ഒരു കുട്ടിയും നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. ഇരുപത് മിനിറ്റോളം പരിക്കേറ്റവർ രക്തം വാർന്ന് കാറിൽ കിടന്നുവെന്നും കുടുംബം പറയുന്നു.
അതേസമയം, ദേശീയപാത തകർന്നിടത്ത് ഇന്ന് വിദഗ്ധ പരിശോധന നടക്കും. നിർമാണത്തിലെ അപാകതമൂലം റോഡ് തകർന്നതെന്നാണ് നിഗമനം. ജില്ലാകളക്ടറുടെ നേതൃത്വത്തിലാവും പരിശോധന. വിഷയം കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ ആയുധമാക്കുകയാണ് പ്രതിപക്ഷം. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തും. 50 അടി ഉയരത്തിലുള്ള പാത തകർന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ.
നിർമ്മാണത്തിലിരുന്ന ദേശീയപാത 66-ലെ ആറുവരിപ്പാതയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണത്. മലപ്പുറം കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതുവഴി സഞ്ചരിച്ചിരുന്ന കാറുകൾക്ക് മുകളിലേക്ക് ദേശീയപാതയുടെ സംരക്ഷണ ഭിത്തി മറിഞ്ഞുവീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. അവശിഷ്ടങ്ങൾ വീണ റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. റോഡ് തകർന്നതിനെ തുടർന്ന് നാട്ടുകാർ ദേശീയപാത അതോറിറ്റിക്കെതിരെ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറുവരി പാതയുടെ ഭാഗവും സർവീസ് റോഡിലേക്ക് ഇടിഞ്ഞു. പിന്നാലെ കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചിരുന്നു.
Content Highlights: malappuram national highway collapse incident case updates