'ഇത്താത്താസ് ഹോട്ടൽ,സി കെ കഫേ, ഹോട്ടൽ സ്വീകാർ...'; കോഴിക്കോട് വൃത്തിയും വെടിപ്പുമില്ലാത്ത ഹോട്ടലുകൾക്ക് പൂട്ട്

നിരന്തരം പരാതികൾ ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന

കോഴിക്കോട്: നഗരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്‌ത ഹോട്ടലുകൾക്ക് 'പൂട്ട്'. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലായിരുന്നു സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടായത്.

കുന്നമംഗലം, വെള്ളയിൽ, ചെറൂപ്പ, കോഴിക്കോട് സൗത്ത്, നോർത്ത് മേഖലകളിലെ ഹോട്ടലുകളിലാണ് പരിശോധനകൾ നടന്നത്. ഇവിടങ്ങളിൽ നിന്ന് നിരന്തരം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്ത, ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഹോട്ടലുകൾക്ക് തുടർന്ന് പൂട്ട് വീണു.

റെയിൽവേ സ്റ്റേഷൻ പരിസരത്തിലുള്ള ഹോട്ടൽ സ്വീകാർ, സി കെ കഫെ, വെള്ളയിലുള്ള ഓഷ്യാനിക്, അജ്വ ഹോട്ടൽ, ടിജുസ് ഹോട് ബൺ, ചേളന്നൂരിലെ ഫേമസ് കൂൾ ബാർ, ഇത്താത്താസ് ഹോട്ടൽ കുന്നമംഗലം, ചെറൂപ്പയിലെ അൽ റാസി ഹോട്ടൽ, പൂവാട്ടുപറമ്പിലെ എം സി ഹോട്ടൽ എന്നിവയ്‌ക്കെതിരെയാണ് നടപടികൾ ഉണ്ടായത്. ഇവർക്ക് പുറമെ 11 കടകൾക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവയെല്ലാം ഭക്ഷ്യവകുപ്പ് പരിശോധിച്ചു. അഞ്ച് സംഘങ്ങളായി എത്തിയായിരുന്നു പരിശോധന. 99 കടകൾ പരിശോധിച്ചു. ഇതിൽ ഒമ്പത് കടകൾ പൂട്ടുകയും 11 കടകൾക്ക് മേൽ പിഴ ചുമത്തുകയും 12 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

Content Highlights: hotels shut down at kozhikode due to bad cooking conditions

To advertise here,contact us