കൊച്ചി: തിരുവാങ്കുളത്ത് നിന്ന് മൂന്നു വയസ്സുകാരിയെ കാണാതായ സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. നേരത്തെയും കുട്ടിയെ അമ്മ അപായപ്പെടുത്താന് ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്റെ കുടുംബം ആരോപിച്ചു. കുടുംബ പ്രശ്നത്തെ തുടര്ന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താന് ശ്രമിച്ചിരുന്നുവെന്നാണ് പുത്തന്കുരിശ് പൊലീസിന് കുടുംബം നല്കിയ മൊഴി.
അതേ സമയം മൂഴിക്കുളം പാലത്തിന് താഴെ പൊലീസ് തെരച്ചില് ശക്തമാക്കിയിരിക്കുകയാണ്. കുട്ടിക്കായി സ്ഥലത്ത് നാട്ടുകാര് ഉള്പ്പെടെ വള്ളത്തില് തെരച്ചിലിന് ഇറങ്ങിയിട്ടുണ്ട്. എന്നാല് തെരച്ചിലിന് പ്രതിസന്ധിയായി കനത്ത മഴയാണ് സ്ഥലത്ത് പെയ്യുന്നത്. പ്രദേശത്തെ വെളിച്ചമില്ലായ്മയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. പുഴയില് മുങ്ങിതിരച്ചില് നടത്താനായി സ്കൂബ സംഘവും എത്തിയിട്ടുണ്ട്.
കുട്ടിയെ മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്നാണ് അമ്മ പൊലീസിന് നല്കിയ മൊഴി. പിന്നാലെ പൊലീസ് പാലത്തിന് താഴെയും തിരച്ചില് ആരംഭിച്ചു.ഇതിനിടെ അമ്മ കുട്ടിയുമായി മൂഴിക്കുളം പാലത്തിന് സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. മൂഴിക്കുളം പാലത്തിന്റെ പരിസരത്ത് അമ്മ കുട്ടിയുമായി ബസ് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ അമ്മ നല്കിയ ആദ്യ മൊഴിയുടെ അടിസ്ഥാനത്തില് പൊലീസ് ആലുവയില് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്ന് കുട്ടിയുടെ അമ്മ മൊഴി നല്കിയത്.കുട്ടിക്കായി കൊച്ചിയില് പലയിടങ്ങളിലായി പൊലീസ് ശക്തമായ തിരച്ചില് നടത്തിവരികയാണ്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില് തര്ക്കമുണ്ടായിരുവെന്ന് പൊലീസ് അറിയിച്ചു. തിരുവാങ്കുളത്ത് നിന്ന് കെഎസ്ആര്ടിസി ബസ് കയറി പോകുന്ന അമ്മയുടെയും കുട്ടിയുടെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുട്ടിയെയും കൊണ്ട് അമ്മ ബസിലും ഓട്ടോയിലും മാറി മാറി യാത്ര ചെയ്തതായാണ് വിവരം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര് 0484-2623550 എന്ന നമ്പറില് വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
content highlights: The reason for everything is family problems; the family says that attempts were made to endanger the child before