'എന്റെ കേരളം' പ്രദര്‍ശനമേളക്ക് തൃശൂരില്‍ തുടക്കമായി

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് പ്രദര്‍ശന മേള

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശനമേള തൃശൂരില്‍ ആരംഭിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് പ്രദര്‍ശന മേള. മേളയ്ക്ക് മുന്നോടിയായി വൈകീട്ട് സാംസ്‌കാരിക ഘോഷയാത്ര നടന്നു. ഈ മാസം 24 വരെയാണ് മേള നടക്കുക

പ്രദര്‍ശന- വിപണന മേള മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളം ഒന്നിനു മുന്നിലും തലകുനിക്കില്ലെന്നതിന്റെ ദൃശ്യ സാക്ഷാത്കാരമാണ് എന്റെ കേരളം പ്രദര്‍ശന മേളയെന്നും മന്ത്രി കെ രാജന്‍. സര്‍ക്കാര്‍ വകുപ്പുകളെ കുറിച്ചും വ്യത്യസ്ത പദ്ധതികളെക്കുറിച്ചും അറിവ് പകരുന്നതാണ് എന്റെ കേരളം മേള.

സര്‍ക്കാര്‍ വകുപ്പുകളുടെ 150 തീം സ്റ്റാളുകളും 38 വാണിജ്യ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്. ഭക്ഷ്യ കാര്‍ഷികമേള, കലാ സാംസ്‌കാരിക പരിപാടികള്‍,സെമിനാര്‍, സിനിമ പ്രദര്‍ശനം എന്നിവയും മേളയുടെ ഭാഗമാണ്. കുടുംബശ്രീ, ജയില്‍ വകുപ്പ്, മില്‍മ,കെ ടി ഡി സി തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ ഫുഡ് കോട്ടും ഒരുക്കിയിട്ടുണ്ട്.

Content Highlights: Ente Keralam Mega Exhibition and Marketing Art Festival begins in Thrissur

To advertise here,contact us