പാലക്കാട്: റാപ്പർ വേടൻ്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 1,75,552 രൂപ നഷ്ടമുണ്ടായതായി നഗരസഭ സെക്രട്ടറി. പണം നൽകണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് നഗരസഭ നോട്ടീസ് നൽകി. പരിപാടിക്കിടയിൽ കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും ആളുകൾ നശിപ്പിച്ചതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും നഗരസഭ പരാതി നൽകി.
തിരക്കിനിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ ഉൾപ്പെടെ തകർത്തു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചത്. മൂന്നാം വട്ടമാണ് വേടൻ പാലക്കാട്ടേക്ക് എത്തിയത്. 'മൂന്നാംവരവ് 3.0' എന്ന പേരിലായിരുന്നു സംഗീത പരിപാടി.
സൗജന്യമായായിരുന്നു പ്രവേശനം. 10,000ത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലായിരുന്നു സജ്ജീകരണങ്ങൾ. തുറന്ന വേദിയിൽ നടന്ന പരിപാടി എല്ലാവർക്കും കാണാൻ നാല് വലിയ എൽഇഡി സ്ക്രീനുകളിലും പ്രദർശിപ്പിച്ചിരുന്നു. ഈ മാസം ഒമ്പതിന് കിളിമാനൂരിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന വേടന്റെ പരിപാടി റദ്ദ് ചെയ്തിരുന്നു. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്.
Content Highlights- Damage to the fort grounds during a hunter's event, order to pay Rs. 1,75,552 in compensation