കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്ഡിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില് ജില്ലാ കളക്ടര്ക്ക് ഫയര്ഫോഴ്സ് റിപ്പോര്ട്ട് കൈമാറി. കെട്ടിടത്തിനകത്ത് സുരക്ഷാസംവിധാനങ്ങള് ഉണ്ടായിരുന്നില്ലെന്നും സാധനങ്ങള് കൂട്ടിയിട്ടത് രക്ഷാപ്രവര്ത്തനത്തെ ബാധിച്ചെന്നും റിപ്പോര്ട്ടിലുണ്ട്.
വിവരമറിഞ്ഞ് മൂന്ന് മിനുട്ടിനകം ഫയര്ഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചിരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിന് ശേഷം ജില്ലാ കളക്ടര് ചീഫ് സെക്രട്ടറിക്ക് റിപ്പോര്ട്ട് നല്കും.
തീപിടുത്തം അന്വേഷിക്കാന് മൂന്നംഗ സമിതിക്ക് കോഴിക്കോട് കോര്പ്പറേഷന് രൂപം നല്കിയിരുന്നു. റവന്യൂ, എന്ജിനീയറിങ്, ഹെല്ത്ത് വിഭാഗങ്ങളാണ് പരിശോധന നടത്തുക. അഞ്ചു ദിവസത്തിനകം റിപ്പോര്ട്ട് നല്കാന് കോര്പറേഷന് സ്റ്റിയറിങ് കമ്മറ്റി നിര്ദ്ദേശം നല്കിയിട്ടുണ്ട്.
അനുമതി നല്കിയതിനെക്കാള് കൂടുതല് ഇടങ്ങളിലേക്ക് നിര്മാണം നടത്തിയോയെന്ന് മൂന്നംഗ സമിതി പരിശോധിക്കും.
ഇലക്ട്രിക്കല് ഇന്സ്പെക്ടറേറ്റിന്റെ റിപ്പോര്ട്ടും ഉടന് കൈമാറും. അതേസമയം പരിശോധനകള് വേഗത്തില് പൂര്ത്തിയാക്കി കടകള് തുറക്കാനുള്ള അനുമതി നല്കണമെന്ന ആവശ്യവുമായി വ്യാപാരികള് രംഗത്തെത്തിയിട്ടുണ്ട്. തീപിടുത്തം ബാധിക്കാത്ത താഴെ നിലയിലുള്ള കടകള് തുറക്കാന് അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Content Highlights: Calicut textiles fire fire force report to district collector