വൈകിട്ട് നാല് ജില്ലകളിൽ സൈറൺ മുഴങ്ങും; കവചം മുന്നറിയിപ്പിനെ അറിയാം

മഴയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന നാല് ജില്ലകളിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സൈറൺ മുഴങ്ങും

തിരുവനന്തപുരം: മഴയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന നാല് ജില്ലകളിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സൈറൺ മുഴങ്ങും. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായാണ് സൈറണുകൾ മുഴങ്ങുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

എന്താണ് കവചം മുന്നറിയിപ്പ്?ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറൺ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

അതേസമയം, അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21-ഓടെ ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22-ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശംകള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ 20/05/2025 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

കന്യാകുമാരി തീരത്ത്‌ 20/05/2025 (ഇന്ന്) രാത്രി11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

Content Highlights: An alert siren will sound in four districts

To advertise here,contact us