കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിനെതിരെയും പരാതി നൽകി യൂത്ത് കോൺഗ്രസ്. മലപ്പട്ടത്തെ ഭീഷണി പ്രസംഗത്തിലാണ് പരാതി. പുഷ്പചക്രം ഒരുക്കി വെക്കുമെന്ന കെ കെ രാഗേഷിൻ്റെ പ്രസംഗവും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന പി വി ഗോപിനാഥിൻ്റെ പ്രസംഗത്തിലുമാണ് പരാതി. മലപ്പട്ടത്തെ അക്രമത്തിന് ശേഷവും ജില്ലയിൽ സിപിഐഎം വ്യാപക അക്രമം നടത്തുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് മൂന്ന് പരാതികളാണ് നൽകിയിട്ടുള്ളത്.
അതേസമയം, ഗാന്ധിയുടെ സ്തൂപം അനുവദിക്കില്ലെന്ന ഭീഷണിയിൽ പ്രതിഷേധിച്ച് 1000 വീടുകൾ ഗാന്ധി ഭവനമായി പ്രഖ്യാപിക്കുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനൻ പറഞ്ഞു. ഈ വീടുകളിൽ ഗാന്ധിയുടെ ചിത്രം പതിപ്പിക്കും. സിപിഐഎം നടപ്പിലാക്കുന്നത് താലിബാൻ മോഡലാണ്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ ചിത്രം എടുത്ത് കാണിച്ച് കെ കെ രാഗേഷ് നടത്തിയ പത്ര സമ്മേളനം കലാപാഹ്വാനമാണ്. യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്ററായ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് സരിൻ ശശി ആ സ്ഥാനം രാജി വെക്കണം. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് റീത്ത് വെക്കുമെന്ന സരിൻ ശശിയുടെ പ്രതികരണവും കലാപാഹ്വാനമാണെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ അടുവാപ്പുറത്തുനിന്ന് മലപ്പട്ടത്തേക്ക് നടത്തിയ കാൽനട ജാഥ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനു പിന്നാലെ പലയിടത്തും കോൺഗ്രസിന്റെ കൊടികളും നശിപ്പിച്ചു.
Content Highlights: youth congress filed complaint against kk ragesh and p v gopinath