ബിന്ദുവിനെതിരായ പൊലീസിന്റെ ക്രൂരത ഞെട്ടിപ്പിക്കുന്നത്; യുവതിക്ക് പൂർണ പിന്തുണ: സണ്ണി ജോസഫ്

സർക്കാരിന് തന്നെ ഇത് നാണക്കേടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം: ദളിത് യുവതി ബിന്ദുവിനെതിരായ പൊലീസിന്റെ ക്രൂരത ഞെട്ടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൺമക്കളെ പോലും അധിക്ഷേപിച്ചു. സർക്കാരിന് തന്നെ ഇത് നാണക്കേടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വലിയ നീതി നിഷേധമാണ് നടന്നത്. പൊലീസിന് ഇതിൽ വലിയ ഉത്തരവാദിത്തമുണ്ട്. വിഷയത്തിൽ കോൺഗ്രസിന്റെ പൂർണ പിന്തുണ ബിന്ദുവിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുവതിക്കെതിരായ പൊലീസ് അതിക്രമത്തിൽ പേരൂർക്കട എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തു. ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ ആഭ്യന്തരവകുപ്പാണ് എസ് ഐയെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും 'മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.

മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു പറഞ്ഞിരുന്നു. സംഭവത്തിൽ പരാതി നൽകാൻ ചെന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായത് എന്നും ബിന്ദു പറഞ്ഞിരുന്നു. പൊലീസിനെതിരെ താൻ നൽകിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കിയില്ലെന്നും നിസ്സംഗതയോടെയാണ് പി ശശി പെരുമാറിയത് എന്നും ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞു.

തന്നെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് ബിന്ദു ചെന്നത്. പരാതി വാങ്ങിയ പി ശശി അത് വായിച്ചുപോലും നോക്കിയില്ല. മാത്രമല്ല, പരാതി ഉണ്ടെങ്കിൽ പൊലീസ് പിടിച്ചോളുമെന്നും പി ശശി യുവതിയോട് പറഞ്ഞു. തുടർന്ന് കോടതിയിൽ പോകാൻ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താൻ പോയത് എന്നും കാര്യങ്ങൾ വിശദമായി കേൾക്കാൻ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു എന്നാൽ നീതി ലഭിച്ചില്ല എന്നും ബിന്ദു പറഞ്ഞിരുന്നു. എന്നാൽ ബിന്ദു തന്നെ കാണാനെത്തിയിരുന്നു എന്നും പരാതി വിശദമായി താൻ കേട്ടു എന്നും പരാതി അവഗണിച്ചിട്ടില്ല എന്നുമായിരുന്നു പി ശശിയുടെ മറുപടി. തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ വാർത്തയെത്തുന്നത്.

Content Highlights:KPCC President Sunny Joseph says the police brutality against Bindu is shocking

To advertise here,contact us