പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസിനെതിരെ ഫ്ലക്സ് ബോർഡുകൾ. കോങ്ങാട് ഹൈസ്കൂൾ പരിസരം, പാറശ്ശേരി, പഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് സമീപമാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സാമ്പത്തിക ക്രമക്കേട് പരാതിയുടെ മേൽ ഗോകുൽദാസിനെതിരെ പാർട്ടി അന്വേഷണം നടത്താന് തീരുമാനിച്ചിരുന്നു.
'സാമ്പത്തിക ക്രമക്കേടിന്റെ വിഴുപ്പ് താങ്ങാൻ പാർട്ടിക്കാകുമോ' എന്ന തലക്കെട്ടിലാണ് ഗോകുൽദാസിനെതിരായ ഫ്ലക്സ് ബോർഡുകൾ. രക്തസാക്ഷി കെ സി ബാലകൃഷ്ണൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ വഞ്ചകനാണെന്നും ഗോകുൽദാസിനെതിരെ വിജിലൻസ് അന്വേഷണം അനിവാര്യമെന്നും ഫ്ലെക്സിൽ പറയുന്നു. സിപിഐഎം കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതലുള്ള നേതാക്കളുടെ സ്വത്ത് സമ്പാദ്യ പദ്ധതികൾ അന്വേഷിക്കണമെന്നും കുറിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വെച്ച ബോർഡുകൾ സിപിഐഎം പ്രവർത്തകർ എടുത്ത് മാറ്റി.
പി എ ഗോകുൽദാസിനെതിരെ അന്വേഷണം നടത്താൻ നോരത്തെ പാർട്ടി തീരുമാനിച്ചിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പണപ്പിരിവ്, മുണ്ടൂർ ഏരിയാകമ്മിറ്റി ഓഫീസ്-പാലിയേറ്റീവ് സെന്റർ നിർമാണങ്ങളിലെ ക്രമക്കേട് എന്നിവ സംബന്ധിച്ച് ജില്ലാനേതൃത്വത്തിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടിയെന്നാണ് പുറത്തുവന്ന വിവരം.
Content Highlights: Flux boards against CPM Palakkad district committee member P A Gokuldas