'ദളിത് യുവതിക്കെതിരായ പൊലീസ് ക്രൂരതയിൽ വകുപ്പ് തല അന്വേഷണം നടത്തും,റിപ്പോർട്ട് തേടിയിട്ടുണ്ട്': ഒ ആർ കേളു

കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുതിക്കെതിരായ പൊലീസ് ക്രൂരതയിൽ വകുപ്പ്തല അന്വേഷണം നടത്തുന്നുണ്ടെന്ന്

പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ഒആർ കേളു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും 'മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു. മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു പറഞ്ഞിരുന്നു.

അതേസമയം മാല കാണാതായ കേസുമായി ബന്ധപ്പെട്ട് തന്നെ മാനസികമായി പീഡിപ്പിച്ച പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ദളിത് യുവതി രംഗത്തെത്തിയിരുന്നു. എന്നാൽ പരാതി വാങ്ങിയ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി അത് വായിച്ചുപോലും നോക്കിയില്ലെന്നും ബിന്ദു ആരോപിച്ചു. മാത്രമല്ല, പരാതി ഉണ്ടെങ്കിൽ പൊലീസ് പിടിച്ചോളുമെന്നും പി ശശി യുവതിയോട് പറഞ്ഞു. തുടർന്ന് കോടതിയിൽ പോകാൻ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താൻ പോയത് എന്നും കാര്യങ്ങൾ വിശദമായി കേൾക്കാൻ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു എന്നാൽ നീതി ലഭിച്ചില്ല എന്നും ബിന്ദു കൂട്ടിച്ചേർത്തു.

Content Highlights:Departmental inquiry to be conducted into police brutality against Dalit woman, o r kelu

To advertise here,contact us