തിരുവനന്തപുരം: പേരൂർക്കട പൊലീസ് അതിക്രമക്കേസിൽ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തതിൽ സന്തോഷമെന്ന് അതിക്രമത്തിനിരയായ ദളിത് യുവതി ബിന്ദു. പരാതിയുമായി ഇനിയും മുന്നോട്ടുപോകുമെന്നും വ്യാജ പരാതി നൽകിയവർക്കെതിരെയും മറ്റ് പൊലീസുകാർക്കെതിരെയും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
പ്രസന്നൻ എന്ന പൊലീസുകാരനാണ് ഏറ്റവും കൂടുതൽ ക്രൂരത കാണിച്ചത്. ഇപ്പോളുള്ളത് ഒരു താത്കാലിക ആശ്വാസമാണ്. വക്കീലുമായി സംസാരിച്ച് തനിക്കെതിരെ പരാതി നൽകിയ ഓമന ഡാനിയേലിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ബിന്ദു പറഞ്ഞു.
അൽപസമയം മുൻപാണ് പൊലീസ് അതിക്രമത്തിൽ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര് നല്കിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും 'മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.
മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു പറഞ്ഞിരുന്നു. സംഭവത്തിൽ പരാതി നൽകാൻ ചെന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായത് എന്നും ബിന്ദു പറഞ്ഞിരുന്നു. പൊലീസിനെതിരെ താൻ നൽകിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കിയില്ലെന്നും നിസ്സംഗതയോടെയാണ് പി ശശി പെരുമാറിയത് എന്നും ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞു.
Content Highlights: bindu says she is happy with police suspension