പാലക്കാട്: കോട്ടമൈതാനത്ത് നടക്കുന്ന റാപ്പര് വേടന്റെ പരിപാടിക്ക് വന് തിരക്ക്. ഇതിനെ തുടര്ന്ന് സദസ്സിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാന് ശ്രമം നടത്തിവരികയാണ്. ഇന്ന് വൈകീട്ടാണ് പരിപാടി നടക്കുക. സംസ്ഥാന സര്ക്കാരിന്റെ നാലാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി.
മൂന്നാം വട്ടമാണ് വേടന് പാലക്കാട്ടേക്ക് എത്തുന്നത്. അതിനാല് 'മൂന്നാംവരവ് 3.0' എന്ന പേരിലാണ് സംഗീത പരിപാടി. സൗജന്യമായാണ് പ്രവേശനം. 10,000ത്തോളം പേരെ ഉള്ക്കൊള്ളാന് കഴിയുന്ന വിധത്തിലാണ് സജ്ജീകരണങ്ങള്. തുറന്ന വേദിയില് നടക്കുന്ന പരിപാടി എല്ലാവര്ക്കും കാണാന് നാല് വലിയ എല്ഇഡി സ്ക്രീനുകളിലും പ്രദര്ശിപ്പിക്കും. ഇന്ന് രാവിലെ പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിയിലും വേടന് പങ്കെടുത്തിരുന്നു. വേടനെ സ്വാഗതം ചെയ്താണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
ഈ മാസം ഒമ്പതിന് കിളിമാനൂരില് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉണ്ടായിരുന്ന വേടന്റെ പരിപാടി റദ്ദ് ചെയ്തിരുന്നു. സുരക്ഷാക്രമീകരണങ്ങള് മുന്നിര്ത്തിയാണ് പരിപാടി റദ്ദ് ചെയ്തത്.
Content Highlights: Huge crowd at rapper Vedan's event in Palakkad