പാലക്കാട്: ഷൊര്ണൂരില് ഭാരതപുഴയ്ക്ക് കുറുകെ തകര്ന്നുകിടക്കുന്ന പഴയ കൊച്ചിന് പാലം പൊളിച്ചു നീക്കാന് തീരുമാനം. കെ രാധാകൃഷ്ണന് എംപിയുടെയും യുആര് പ്രദീപ് എംഎല്എയുടെയും ഇടപെടലിനെ തുടര്ന്നാണ് നടപടി. ബലക്ഷയത്തെ തുടര്ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയും പുതിയ പാലം നിര്മ്മിക്കുകയുമായിരുന്നു. 2003ല് ജനുവരി 25നാണ് പുതിയ പാലം വന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി മഹാരാജാവ് രാമവര്മ്മയുടെ ആഗ്രഹപ്രകാരം തിരുകൊച്ചിയെയും മലബാറിനെയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കൊച്ചിന് പാലം നിര്മ്മിച്ചത്. ഷൊര്ണൂരിലേക്ക് പോയിരുന്ന ട്രെയിന് ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കുക എന്നതായിരുന്നു ഉദ്ദേശം.
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ 14 സ്വര്ണ നെറ്റിപ്പട്ടങ്ങളും പൊതുഖജനാവില് നിന്ന് 84 ലക്ഷം രൂപയും രാജാവ് പാലത്തിന് വേണ്ടി ചെലവഴിച്ചു. 1902 ജൂണ് രണ്ടിന് ആദ്യത്തെ ചരക്ക് ട്രെയിന് പാലത്തിലൂടെ കടന്നുപോയി. തുടര്ന്ന് മലബാറില് നിന്ന് യാത്രാ സര്വീസുകളും ആരംഭിച്ചു.
ട്രെയിന് ഗതാഗതം മീറ്റര് ഗേജില് നിന്ന് ബ്രോഡ്ഗേജിലേക്ക് മാറിയപ്പോള് തന്നെ ബ്രിട്ടീഷ് സര്ക്കാര് ട്രെയിന് ഗതാഗതത്തിനായി പുതിയ പാലം നിര്മ്മിച്ചു. മോട്ടോര് വാഹനങ്ങള്ക്ക് മാത്രമായി ഗതാഗതം പരിമിതപ്പെടുത്തി.
2003ല് പുതിയ പാലം വന്നു. 2011ല് പഴയ പാലത്തിന്റെ സ്പാനുകള് നിലം പൊത്തി. ചരിത്രസ്മാരകമായി നിലനിര്ത്താന് കെ രാധാകൃഷ്ണന് എംഎല്എ ശ്രമിച്ചിരുന്നു. പക്ഷെ ബലക്ഷയം കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 2018,19 വര്ഷങ്ങളിലെ പ്രളയത്തിലും പാലത്തിന് ഏറെ നാശം സംഭവിച്ചിരുന്നു. അതിന് ശേഷവും പാലത്തിന്റെ ഭാഗങ്ങള് പുഴയില് വീഴാന് തുടങ്ങിയതോടെയാണ് പൂര്ണ്ണമായും പൊളിച്ചുമാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
Content Highlights: old cochin bridge over bharathappuzha will be demolished soon