'ധീരജിനെ കൊന്ന കത്തി എവിടെയെന്ന് സർക്കാർ അന്വേഷിക്കണം;കൊന്നുകളയും എന്ന് പറഞ്ഞാൽ കൊല്ലല്ലേയെന്ന് പറയില്ല':രാഹുൽ

പുലിയെ കീഴടക്കി, സിംഹത്തെ കീഴടക്കിയെന്നൊക്കെ രാഗേഷ് പറയുന്നുവെന്നും എന്നാല്‍ കണ്ണൂരില്‍ കെ സുധാകരനോട് ദയനീയമായി പരാജയപ്പെട്ട നേതാവല്ലേ അദ്ദേഹമെന്നും രാഹുല്‍ പരിഹസിച്ചു.

പത്തനംതിട്ട: സിപിഐഎം നാട്ടില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിപിഐഎം അക്രമം അഴിച്ചുവിടുന്ന വാര്‍ത്തകളും കാഴ്ചകളുമാണ് കാണുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കണ്ണൂരില്‍ അക്രമം അഴിച്ച് വിടുന്നതിന് നേതൃത്വം നല്‍കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രി തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘപരിവാറിന്റെ ഗാന്ധി വിരുദ്ധത സിപിഐഎം ഏറ്റെടുക്കുന്നു. ഒരു രക്തസാക്ഷിയെ ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഐഎം നടത്തുന്നത്. ഭരണത്തിന്റെ പേരിലുള്ള തോന്നിവാസമാണ് ഇപ്പോള്‍ നടക്കുന്നത്', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പുലിയെ കീഴടക്കി, സിംഹത്തെ കീഴടക്കിയെന്നൊക്കെ രാഗേഷ് പറയുന്നുവെന്നും എന്നാല്‍ കണ്ണൂരില്‍ കെ സുധാകരനോട് ദയനീയമായി പരാജയപ്പെട്ട നേതാവല്ലേ അദ്ദേഹമെന്നും രാഹുല്‍ പരിഹസിച്ചു.

താന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയെങ്കില്‍ മുഖ്യമന്ത്രിയുടെ പോളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന കെ കെ രാഗേഷ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും രാഹുല്‍ പറഞ്ഞു. തനിക്ക് പുഷ്പചക്രം വയ്ക്കും എന്ന് കെ കെ രാഗേഷ് പറഞ്ഞത് ശരിയായില്ലെന്നും കൊന്നുകളയും എന്ന് പറഞ്ഞാല്‍ അയ്യോ കൊല്ലല്ലേ എന്ന് പറയുന്ന പ്രശ്‌നമില്ലെന്നും രാഹുല്‍ പറഞ്ഞു.

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊന്ന കേസില്‍ കത്തി എന്തുകൊണ്ട് ഇതുവരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും രാഹുല്‍ ചോദിച്ചു. യഥാര്‍ത്ഥ ചിത്രം പുറത്ത് വരാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ധീരജിനെ കൊന്ന കത്തി എവിടെയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ട്ടി ജില്ലാ സെക്രട്ടറി പക്വതയുള്ള ഒരു പദവിയാണെന്നും കെ കെ രാഗേഷ് ആണോ കേരളത്തിലെ മരണവാറന്റുകളില്‍ ഒപ്പിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ തനിക്ക് വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അക്രമം എന്നത് ഞങ്ങളുടെ രാഷ്ട്രീയമല്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതമില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് മറ്റൊരു രാഷ്ട്രീയ ചോയ്‌സ് ഇല്ല. അടിമത്ത സംസ്‌കാരമാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍. ഇതിനേക്കാള്‍ അഹങ്കരിച്ച മണ്ണാണ് ബംഗാള്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനം ആദ്യം കൈവയ്ക്കുന്നത് സിപിഐഎമ്മിനെ ആയിരിക്കും', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎമ്മുകാരുടെ ഔദാര്യത്തിലല്ല തങ്ങള്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതെന്നും താന്‍ ഇനിയും കണ്ണൂരില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. പാര്‍ട്ടിക്കുവേണ്ടി മരിക്കുന്നതും സന്തോഷമെന്നും രാഹുല്‍ വ്യക്തമാക്കി. സംഘപരിവാറിന്റെ ആശയ രൂപീകരണത്തിനുള്ള പ്രസ്ഥാനമായി സിപിഐഎം മാറുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

ഭരണപക്ഷ എംഎല്‍എയ്ക്ക് പോലും പ്രതിഷേധിക്കേണ്ട ഇടമായി കേരളം മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോന്നിയിലെ ഭരണപക്ഷ എംഎല്‍എ പോയി സമരം ചെയ്തത് കേന്ദ്രസര്‍ക്കാര്‍ ഓഫീസിലല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായാണ് കോന്നിയിലെ ഭരണപക്ഷ എംഎല്‍എ സമരം ചെയ്തത്. വനംവകുപ്പിനെ നിയന്ത്രിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്ന നിലയിലാണ് സിപിഐഎം നേതാക്കളുടെ പ്രതികരണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Content Highlights: Rahul Mamkoottathil against CPIM

To advertise here,contact us