മംഗള, കൊച്ചുവേളി...; പിഴ ചുമത്തിയ കടവന്ത്രയിലെ കേന്ദ്രം ഭക്ഷണം വിതരണം ചെയ്യുന്നത് നിരവധി ട്രെയിനുകളിൽ

യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന തീവണ്ടികളിലും സ്ഥാപനം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്

കൊച്ചി: നഗരസഭാ ഭക്ഷ്യവിഭാഗത്തിന്‍റെ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയ കടവന്ത്രയിലെ ബൃന്ദാവന്‍ ഫുഡ് പ്രൊഡക്റ്റ്‌സ് കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതായി വിവരം.

വന്ദേ ഭാരതിന് പുറമെ യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്ന ദീർഘദൂര തീവണ്ടികളിലും ഈ സ്ഥാപനം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന ഏറ്റവും തിരക്കേറിയ ട്രെയിനുകളായ മംഗള ലക്ഷദ്വീപ്, കേരള എക്സ്പ്രസ്സ്, ജയന്തി ജനത എക്സ്പ്രസ്, കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ, ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലേക്കാണ് സ്ഥാപനം ഭക്ഷണം വിതരണം ചെയ്യാറുള്ളത്.

വന്ദേ ഭാരതിലേക്ക് ഭക്ഷണം തയ്യാറാക്കാൻ പ്രത്യേകം അടുക്കള വേണമെന്ന നിബന്ധന നിലനിൽക്കെയാണിത്. ഭക്ഷണം പാകം ചെയ്യുന്നിടത്ത് സിസിടിവി ക്യാമറ വേണമെന്ന മാനദണ്ഡവും സ്ഥാപനം കാറ്റിൽപറത്തി.

പഴകിയ ഭക്ഷണം പിടികൂടുകയും മാലിന്യസംസ്കരണ യൂണിറ്റ് ഇല്ലെന്നും കണ്ടെത്തിയതോടെ ബൃന്ദാവന്‍ ഫുഡ് പ്രൊഡക്റ്റ്‌സിനെതിരെ ഒരു ലക്ഷം രൂപ റെയിൽവെ പിഴ ചുമത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനേജര്‍, ഹെല്‍ത്ത് ഓഫീസര്‍, ഐആര്‍സിടിസി ഏരിയാ മാനേജര്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് അന്വേഷിക്കുക.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഐആര്‍സിടിസി റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലും കൊമേര്‍ഷ്യല്‍ ലൈസന്‍സും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി കടവന്ത്രയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷണം പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ പറഞ്ഞു. മലിന ജലം ഒഴുക്കാന്‍ സംവിധാനം ഇല്ലാത്ത കേന്ദ്രത്തിൽ വെള്ളം തൊട്ടടുത്ത തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. നേരത്തെ സ്ഥാപനത്തിൽ നിന്നും പല തവണ പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്.

Content Highlights: company from where stale food was caught, distributed food to major kerala trains

To advertise here,contact us