ലീഗിന്റെ ദളിത്-സ്ത്രീ ശബ്ദം; ആരാണ് ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജയന്തി രാജന്‍

നേരത്തെ ചേലക്കര നിയമസഭാ സീറ്റ് ലീഗിന് കിട്ടുകയാണെങ്കില്‍ അവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ജയന്തിയെ പരിഗണിച്ചിരുന്നു

കോഴിക്കോട്: ചെന്നൈയില്‍ നടന്ന മുസ്‌ലിം ലീഗിന്റെ ദേശീയ കൗണ്‍സില്‍ യോഗം അവസാനിച്ചത് ചരിത്ര തീരുമാനവുമായാണ്. ഇതുവരെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന മുസ്‌ലിം ലീഗിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് രണ്ട് വനിതകളെ ഉള്‍പ്പെടുത്തി എന്നതാണ് ആ തീരുമാനം. കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറുമാണ് വനിതാ പ്രതിനിധികളായി ദേശീയ കമ്മിറ്റിയിലെത്തിയത്. ഇരുവരും അസിസ്റ്റന്റ് സെക്രട്ടറിമാരായാണ് ഇനി ലീഗിന്റെ ദേശീയ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുക.

ആരാണ് ജയന്തി രാജന്‍?

ദീര്‍ഘകാലമായി ലീഗിന്റെ പ്രവര്‍ത്തകയാണ് ജയന്തി രാജന്‍. വയനാട് ഇരളം സ്വദേശിയാണ് ജയന്തി. ദളിത് വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവെന്ന രീതിയില്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ ജയന്തി സജീവമാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായി ജയന്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലും പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ചേലക്കര നിയമസഭാ സീറ്റ് ലീഗിന് കിട്ടുകയാണെങ്കില്‍ അവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ജയന്തിയെ പരിഗണിച്ചിരുന്നു. കോങ്ങാട് സീറ്റിലും പരിഗണിച്ചിരുന്നു.

വനിതാ ലീഗ് ദേശീയ പ്രസിഡന്റാണ് അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ മുസഫര്‍. ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫര്‍, മുസ്ലിം പഴ്സനല്‍ ലോ ബോര്‍ഡ്, തമിഴ്നാട് വഖഫ് ബോര്‍ഡ്, മുസ്ലിം വുമണ്‍ എയിഡ് സൊസൈറ്റി, മുസ്ലിം വുമണ്‍സ് അസോസിയേഷന്‍ എന്നിവയില്‍ അംഗമാണ്.

മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റായി തമിഴ്നാട് മുന്‍ എംപി പ്രൊഫ. കെ എം ഖാദർ തുടരും. രാഷ്ട്രീയ ഉപദേശക കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു. പി കെ കുഞ്ഞാലിക്കുട്ടിയെ തന്നെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി. ഡോ. അബ്ദുസമദ് സമദാനിയെ സീനിയര്‍ വൈസ് പ്രസിഡന്റായും പി വി അബ്ദുല്‍ വഹാബിനെ നാഷണല്‍ ട്രഷററായും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാര്‍- കെപിഎ മജീദ്, എം അബ്ദുറഹ്‌മാന്‍, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, നഈം അക്തര്‍, കൗസര്‍ ഹയാത്ത് ഖാന്‍, സൈനുല്‍ ആബിദീന്‍.

ദേശീയ സെക്രട്ടറിമാര്‍- സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍, നവാസ് കനി, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, അബ്ദുല്‍ ബാസിത്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍

അസിസ്റ്റന്റ് സെക്രട്ടറിമാര്‍- ആസിഫ് അന്‍സാരി, അഡ്വ. ഫൈസല്‍ ബാബു, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി, ഫാത്തിമ മുസഫര്‍, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ, എം.പി മുഹമ്മദ് കോയ

Content Highlights: Who is Jayanthi Rajan who selected to Muslim league national committee

To advertise here,contact us