കൊല്ലം: റാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി മുഖ്യ പത്രാധിപൻ എൻ ആർ മധുവിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ശ്യാം മോഹൻ പരാതി നൽകിയത്.
വേടൻ സമൂഹത്തിൽ ജാതി ഭീകരവാദം നടത്തുന്നതായും വികടന വാദം പ്രോത്സാഹിപ്പിക്കുന്നതായും ആരോപിച്ച് സാമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ശ്രമമാണ് മധു നടത്തിയിട്ടുള്ളതെന്നാണ് പരാതിയിൽ പറയുന്നത്. വേടൻ്റെ പരിപാടിയിൽ ജാതിപരമായ വിവേചനത്തിനെ കുറിച്ച് പറയുന്നത്, ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നത്തിന് ഉദ്ദേശിച്ചാണ് എന്നും പരാതിയിൽ പറഞ്ഞു.
വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കേസരി വാരിക മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു പറഞ്ഞത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളാണെന്നും വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണെന്നും മധു പറഞ്ഞു. വേടന്റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികൾ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളിൽ കടന്ന് വരുന്നത്. ചെറുത്ത് തോൽപ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാൻ പാട്ട് വെയ്ക്കുന്നവർ അമ്പല പറമ്പിൽ ക്യാബറയും വെയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Caste discrimination against Vedan: DYFI files complaint against Kesari chief editor NR Madhu