കെപിസിസി രാഷ്ട്രീയകാര്യ സമിതി തുടരും; മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സണ്ണി ജോസഫ്

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി എന്നിവരുമായി കെപിസിസി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും. ന്യൂഡൽഹിയിൽ കെപിസിസി ഭാരവാഹികള്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി എന്നിവരുമായി കെപിസിസി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയകാര്യസമിതിയില്‍ മാറ്റമുണ്ടാകില്ലെന്ന് സണ്ണി ജോസഫും പ്രതികരിച്ചു. അടുത്ത കാലത്തായി രൂപീകരിച്ച സമിതിയായതിനാല്‍ തുടരട്ടെയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.

ജനുവരിയിലാണ് രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത്. 36 അംഗങ്ങളാണ് നിലവില്‍ രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. അതേസമയം പുതിയ കെപിസിസി ഭാരവാഹികളും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് എഐസിസി നേതൃത്വവുമായി യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയവരുമായാണ് യോഗം ചേര്‍ന്നത്.

യോഗത്തില്‍ എഐസിസി പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. അനൈക്യം ഉണ്ടാകരുതെന്നും തദ്ദേശതിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നും എഐസിസി നിര്‍ദേശിച്ചു. അഭിപ്രായ വ്യത്യാസം മാറ്റി വെക്കണമെന്നും കെപിസിസിയോട് എഐസിസി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: There is no change in Political Affairs Committee in KPCC

To advertise here,contact us