പത്തനംതിട്ട: പത്തനംതിട്ടയിൽ വനംവകുപ്പ് കസ്റ്റഡിയില് എടുത്തയാളെ ബലംപ്രയോഗിച്ച് മോചിപ്പിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി കെ യു ജനീഷ് കുമാര് എംഎല്എ. കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ വനം വകുപ്പ് പ്രദേശത്തെ ജനങ്ങളെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയാണെന്ന് എംഎൽഎ വിശദീകരിച്ചു. താൻ അവിടെ എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ്. നാട്ടുകാരെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുകയാണ് വനംവകുപ്പ് ചെയ്തത്. നിരപരാധികളായ അവരെ എങ്ങനെയെങ്കിലും പ്രതികളാക്കി കുറ്റം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ യു ജനീഷ് കുമാർ പറഞ്ഞു.
ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഗുണ്ടാ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താൻ ഈ കേസിൽ ഇടപെട്ടത് എന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കെ യു ജനീഷ് കുമാർ എംഎൽഎ വ്യക്തമാക്കി.നക്സലുകൾ വീണ്ടും വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും പറഞ്ഞത് അപ്പോഴത്തെ രോഷത്തിൽ സംഭവിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.
പത്തനംതിട്ട കോന്നി കുളത്തു മണ്ണില് കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില് കസ്റ്റഡിയിലെടുത്ത ആളെയാണ് എംഎല്എ മോചിപ്പിച്ചത്. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് എംഎല്എ മോശമായി പെരുമാറിയതായും പരാതിയുണ്ട്. ഭൂ ഉടമയുടെ ജോലിക്കാരനെയാണ് ചോദ്യം ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥര് കസ്റ്റഡിയിലെടുത്തത്. സംഭവത്തില് വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് കെ യു ജനീഷ് കുമാര് എംഎല്എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlight: KU Janish Kumar MLA reacted to the misbehavior of forest department officials