തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദിച്ച സംഭവത്തിൽ അടിയന്തിര റിപ്പോര്ട്ട് തേടി കേരള ബാര് കൗണ്സില്. തിരുവനന്തപുരം ബാര് അസോസിയേഷൻ വിഷയത്തിൽ ഉടൻ റിപ്പോര്ട്ട് നല്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സംഭവത്തോടനുബന്ധിച്ച് മൂന്ന് മണിക്ക് ബാര് കൗണ്സില് അടിയന്തിര യോഗം ചേരും. അഭിഭാഷകനെതിരായ അച്ചടക്ക നടപടിയാണ് യോഗത്തിന്റെ അജണ്ട.
അതേ സമയം കേരള സമൂഹത്തിന് തന്നെ അപമാനകരമായ സംഭവമാണ് നടന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ചൂണ്ടകാട്ടി. ഹീനമായ കുറ്റകൃത്യമാണ് നടന്നത്. അഭിഭാഷകയുടെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നെങ്കിൽ ഈ രീതിയിൽ മർദ്ദിക്കുമായിരുന്നോ എന്ന് സംശയമാണെന്നും പി സതീദേവി പറഞ്ഞു.
സ്ത്രീക്ക് മേൽ ഏത് വിധത്തിലും ആധിപത്യം സ്ഥാപിക്കാം എന്ന ചിന്തയാണ് പ്രവർത്തിക്ക് പിന്നിൽ.കേസിൽ കൃത്യമായ അന്വേഷണം നടക്കുകയും പ്രതിയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുകയും വേണം. വിഷയത്തിൽ വനിതാ കമ്മീഷൻ പൊലീസിനോട് ഉടൻ റിപ്പോർട്ട് ആവശ്യപ്പെടും. കൂടാതെ ഇന്ന് തന്നെ അഭിഭാഷകയെ നേരിട്ട് കണ്ട് കാര്യങ്ങൾ ചോദിച്ചറിയുമെന്നും പി സതീദേവി അറിയിച്ചു.
പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെയാണ് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ മുതിർന്ന അഭിഭാഷകനായ ബെയ്ലിന് ദാസ് മര്ദിച്ചത്. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറല് ആശുപത്രിയില് ചികിത്സയിലായിരുന്നു. വഞ്ചിയൂര് മഹാറാണി ബില്ഡിംഗിലെ ഓഫീസില് വെച്ചാണ് മര്ദിച്ചത്. ശ്യാമിലിയും അഭിഭാഷകനും തമ്മില് രാവിലെ തര്ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്ച്ചയായാണ് മര്ദനമുണ്ടായതെന്നും കണ്ടുനിന്നവര് ആരും എതിര്ത്തില്ലെന്നും ശ്യാമിലി ആരോപിച്ചു.
Content Highlights- Kerala Bar Council seeks urgent report on assault on young lawyer