ഡല്ഹി: ഡ്രോണ് പ്രതിരോധ സംവിധാനമായ 'ഭാര്ഗവാസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാല്പുരിയിലുളള സീവാര്ഡ് ഫയറിംഗ് റെയ്ഞ്ചില് നിന്ന് ബുധനാഴ്ച്ചയായിരുന്നു പരീക്ഷണം. ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാകിസ്താനില് നിന്ന് നിരന്തരം ഡ്രോണാക്രമണങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യ പുതിയ ഡ്രോണ് പ്രതിരോധ സംവിധാനം പരീക്ഷിച്ച് വിജയിക്കുന്നത്. രണ്ടര കിലോമീറ്റര് വരെ പരിധിയിലുളള ചെറിയ ഡ്രോണുകള് തിരിച്ചറിയാനും തകര്ക്കാനുമുളള സംവിധാനമാണ് ഭാര്ഗവാസ്ത്രയിലുളളത്.
സോളാര് ഡിഫന്സ് ആന്ഡ് എയ്റോസ്പേസ് ലിമിറ്റഡ് (എസ്ഡിഎഎല്) ആണ് ഭാര്ഗവാസ്ത്ര രൂപകല്പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. ഭാര്ഗവാസ്ത്രയില് ഉപയോഗിച്ചിട്ടുളള മൈക്രോ റോക്കറ്റുകളും ഒന്നിലധികം തവണ ഗോപാല്പൂരില് പരീക്ഷിച്ചതായി വാര്ത്താഏജന്സികള് റിപ്പോര്ട്ട് ചെയ്യുന്നു. ആര്മി എയര്ഡിഫന്സിലെ മുതിര്ന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില് മൂന്നുതവണയാണ് റോക്കറ്റുകളുടെ പ്രവര്ത്തനം മാത്രം പരിശോധിച്ചത്. ഓരോ റോക്കറ്റുകള് വീതം ജ്വലിപ്പിച്ചുളള പരീക്ഷണവും രണ്ടുതവണ നടത്തി. ഭാര്ഗവാസ്ത്രയില് നാല് മൈക്രോ റോക്കറ്റുകളാണ് ഉളളത്. വളരെ ചെലവു കുറഞ്ഞ രീതിയിലാണ് എസ്ഡിഎഎല് ഭാര്ഗവാസ്ത്ര വികസിപ്പിച്ചെടുത്തത്.
Content Highlights: India successfully tests bhargavastra to counter swarm drone system