താമരശേരിയില്‍ ലഹരി ഉപയോഗിച്ച് ഭാര്യയെ മര്‍ദിച്ച സംഭവം; ഭര്‍ത്താവ് നൗഷാദ് അറസ്റ്റില്‍

ക്രൂരമര്‍ദനം സഹിക്കാനാവാതെ നസ്ജയും എട്ടുവയസുകാരിയായ മകളും അര്‍ധരാത്രി വീടുവിട്ട് ഇറങ്ങിയോടുകയായിരുന്നു

കോഴിക്കോട്: താമരശേരിയില്‍ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് നൗഷാദ് അറസ്റ്റില്‍. താമരശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയുടെ ഭര്‍ത്താവ് നൗഷാദാണ് പിടിയിലായത്. ഭര്‍തൃപീഡനം, മര്‍ദനം, വധശ്രമം എന്നീ കുറ്റങ്ങളാണ് നൗഷാദിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ ക്രൂരമര്‍ദനം സഹിക്കാനാവാതെ നസ്ജയും എട്ടുവയസുകാരിയായ മകളും അര്‍ധരാത്രി വീടുവിട്ട് ഇറങ്ങിയോടുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി പത്തുമണിക്ക് ആരംഭിച്ച മര്‍ദനം രണ്ടുമണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ട് ഇറങ്ങിയോടിയത്.

മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചുവെന്നും തന്നെ കൊലപ്പെടുത്താനായി വീടിനു ചുറ്റും വാളുമായി ഓടിച്ചെന്നും യുവതി പറഞ്ഞു. വീടുവിട്ടിറങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാരാണ് രക്ഷിച്ചത്. തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭ‍‍ർത്താവിന്റെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാനല്ല. മറിച്ച് വാഹനത്തിന് മുന്നിൽ ചാടി ജീവനൊടുക്കാനായിരുന്നു ശ്രമിച്ചിരുന്നതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

ലഹരിക്കടിമയായ നൗഷാദ് വീട്ടിലേക്കെത്തുകയും ഭാര്യയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ ദമ്പതികളുടെ കുഞ്ഞിനേയും ഇയാൾ ആക്രമിച്ചു. ഇവിടെ നിന്ന് കുട്ടിയെയും കൊണ്ട് ഓടി പോകുന്ന യുവതിയെയാണ് നാട്ടുകാർ കണ്ടത്. ക്രൂരമായി മർദനത്തിനിരയായ നസ്ജയെ നാട്ടുകാർ കണ്ടതോടെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭ‍‍ർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്കുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്.

Content Highlights: Husband arrested in Thamarassery after wife complains of drug related assault

To advertise here,contact us