കരിപ്പൂരിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട; പിടികൂടിയത് 40 കോടിയോളം വിലവരുന്ന കഞ്ചാവ്; മൂന്ന് വനിതകൾ പിടിയിൽ

കസ്റ്റംസ് ആണ് ഇവരെ പിടികൂടിയത്

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 34 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സ്ത്രീകൾ കസ്റ്റംസിന്റെ പിടിയിലായി. മലേഷ്യയിൽ നിന്നും എയർ ഏഷ്യ വിമാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ, കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ , തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരിൽ നിന്ന് പിടികൂടിയ 34 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടാതെ തായ്‌ലൻഡ് നിർമ്മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസ ലഹരിയും കണ്ടെത്തിയിരുന്നു. ലഹരി എത്തിച്ചത് തായ്ലാൻഡിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നിലവിൽ പിടിയിലായ മൂന്ന് വനിതകളേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ലഹരി എത്തിച്ചത് തായ്ലാൻഡിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെയും സമാനമായ രീതിയിൽ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.

അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് ട്രാളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. ഇത് ഏറ്റുവാങ്ങാൻ വന്ന ഇടവേലിക്കല്‍ സ്വദേശി റിജില്‍, തലശ്ശേരി സ്വദേശി റോഷന്‍ ആര്‍ ബാബു എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

Content Highlights:Drug hunt again in Karipur

To advertise here,contact us