കൊച്ചി: കൊച്ചി കടവന്ത്രയില് പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില് വിതരണം ചെയ്യാന് തയ്യാറാക്കിയ ഭക്ഷണമാണ് പിടികൂടിയത്. കോര്പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില് ഭക്ഷണം പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം.
'ബൃദ്ധാവന് ഫുഡ് പ്രൊഡക്ഷന്' എന്ന പേരില് കടവന്ത്രയില് സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. വന്ദേഭാരതിന്റെ സ്റ്റിക്കര് പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ റിപ്പോര്ട്ടറിനോട് പ്രതികരിച്ചു.
കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും അടപ്പില്ലാതെ തുറന്നനിലയില് സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര് പ്രതികരിച്ചു. പരിശോധന നടക്കുമ്പോൾ സ്ഥാപനവുമായി ബന്ധപ്പെട്ടയാരും തന്നെ സ്ഥലത്തില്ലായിരുന്നുവെന്നും പരിശോധന നടക്കുമെന്ന് അറിഞ്ഞ് രക്ഷപ്പെട്ടതാണോയെന്ന കാര്യത്തില് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥ കൂട്ടിച്ചേർത്തു.
മലിന ജലം ഒഴുക്കാന് സംവിധാനം ഇല്ലാത്ത കേന്ദ്രത്തിൽ വെള്ളം തൊട്ടടുത്ത തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. നേരത്തെ സ്ഥാപനത്തിൽ നിന്നും പല തവണ പിഴ ഈടാക്കുകയും താക്കീത് നല്കുകയും ചെയ്തിട്ടുണ്ട്. എന്നാല് ഇനിയൊരു അവസരം കൊടുക്കില്ലെന്നും സ്ഥാപനം അടച്ചുപൂട്ടാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി.
Content Highlights: dirty food seized in Kadavanthra, to be distributed on trains including Vande Bharat