തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച പ്രതി ബെയ്ലിന് ദാസിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന ശുപാര്ശയുമായി ട്രിവാൻഡ്രം ബാർ അസോസിയേഷൻ. അഡ്വ. ബെയ്ലിന് ദാസിനെതിരെ ട്രിവാന്ഡ്രം ബാര് അസോസിയേഷന് ബാര് കൗണ്സിലിന് റിപ്പോര്ട്ട് നല്കി. യുവ അഭിഭാഷകയെ മര്ദ്ദിച്ചുവെന്നത് പ്രഥമദൃഷ്ട്യാ വസ്തുതാപരമെന്ന് ട്രിവാന്ഡ്രം ബാര് അസോസിയേഷന് കണ്ടെത്തി.
ട്രിവാന്ഡ്രം ബാര് അസോസിയഷന്റെ പ്രാഥമിക റിപ്പോര്ട്ടിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു. ബാര് അസോസിയേഷന് പ്രസിഡന്റ് അഡ്വ. പ്രമോദ് പള്ളിച്ചല് ആണ് റിപ്പോര്ട്ട് സമർപ്പിച്ചത്. അഡ്വ. ബെയ്ലിന് ദാസിനെ ബാര് അസോസിയേഷന് അംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്തുവെന്നും യുവ അഭിഭാഷകയുടെ പരാതി അനുസരിച്ച് വഞ്ചിയൂര് പൊലീസ് ക്രൈം രജിസ്റ്റര് ചെയ്തു എന്നും റിപ്പോർട്ടിലുണ്ട്. മർദ്ദനമേറ്റ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ഉടന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കിയെന്നും സംഭവ സ്ഥലത്ത് എത്തുമ്പോള് അഭിഭാഷക ഭര്ത്താവിനും ബന്ധുക്കള്ക്കും ഒപ്പമായിരുന്നുവെന്നും റിപ്പോര്ട്ടിലുണ്ട്.
അതേ സമയം അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴും അഡ്വ. ബെയ്ലിൻ ദാസ് തന്നെ മർദിച്ചിട്ടുണ്ടെന്ന് ജൂനിയർ അഭിഭാഷക ശ്യാമിലി പ്രതികരിച്ചിരുന്നു. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന്റെ കാരണം എന്താണെന്ന് അറിയാൻ വേണ്ടിയാണ് താൻ ബെയ്ലിൻ ദാസിന്റെ അടുത്ത് പോയതെന്നും ദേഷ്യം വരുമ്പോൾ ബെയ്ലിൻ എന്താണ് ചെയ്യുകയെന്ന് പറയാൻ സാധിക്കില്ലെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.
വളരെയധികം ഇഷ്ടപ്പെട്ട പ്രൊഫഷൻ ആണിതെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിക്കൊണ്ട് ശ്യാമിലി പറഞ്ഞിരുന്നു. ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്ലിന് ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര് അസോസിയേഷന് അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര് മഹാറാണി ബില്ഡിംഗിലെ ഓഫീസില്വെച്ചാണ് ശ്യാമിലിയെ ബെയ്ലിൻ മര്ദിച്ചത്.
content highlights : Case filed for brutally assaulting young lawyer; Bar Association reports against Bailin Das