നന്തൻകോട് കൂട്ടക്കൊലക്കേസ്; കേദലിന് വധശിക്ഷ ലഭിക്കുമോ? ശിക്ഷാ വിധിയില്‍ ഇന്ന് വാദം

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറാണ് ശിക്ഷ വിധിക്കുന്നത്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം തുടങ്ങും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറാണ് ശിക്ഷ വിധിക്കുന്നത്. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേദൽ ജിൻസൺ രാജയാണ് ഏകപ്രതി. നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.

കുടുംബത്തോട് തോന്നിയ വിരോധത്താലാണ് അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. ഇതുകൂടാതെ ഈ കുടുംബത്തിൻറെ ആശ്രയത്തിൽ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കൊലപ്പെടുത്തി. അമ്മാവനെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. നാലുപേരെ കൊലപ്പെടുത്തിയതിന് കൊലക്കുറ്റം വെവ്വേറെ തെളിഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിച്ചതും വീട് തീ വച്ചതും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേദൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേദലിന്റെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, കേദലിന് മാനസികപ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

പ്രതി കേദൽ അന്വേഷണ സംഘത്തെ വഴി തെറ്റിക്കാൻ നിരവധി തവണ ശ്രമിച്ചിരുന്നു. താൻ മാനസിക രോ​ഗിയാണെന്നും ആഭിചാര ക്രിയകളിൽ അടിമയാണെന്നുമായിരുന്നു കേദൽ വരുത്തി തീർക്കാൻ ശ്രമിച്ചത്. എന്നാൽ യഥാ‌ർത്ഥ കാരണം ഇതല്ലെന്ന് പൊലീസ് ഉറച്ച് വിശ്വസിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ കേദലിന് കുടുംബത്തോടുള്ള കടുത്ത പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

കുടുംബാം​ഗങ്ങളെ കൊലപ്പെടുത്തുന്നതിനായുള്ള പദ്ധതി കേദൽ മുൻപെ തന്നെ തുടങ്ങിയിരുന്നു.

കഴുത്തിൽ വെട്ടിക്കൊല്ലുന്നത് എങ്ങനെയെന്ന് കേദൽ തിരഞ്ഞതായി ​ഗൂ​ഗിൾ സെർച്ച് ഹിസ്റ്ററിയിലൂടെ പൊലീസ് കണ്ടെത്തി. പിന്നാലെ മുറിയിൽ ഡമ്മിയുണ്ടാക്കി മഴുകൊണ്ട് വെട്ടി പഠിച്ചു. പിന്നാലെ 2017 ഏപ്രിൽ അഞ്ചിന് കമ്പ്യൂട്ടർ പ്രോ​ഗ്രാം കാണാൻ വിളിച്ചു വരുത്തിയ ശേഷം ആദ്യം അമ്മയെ വെട്ടി വീഴ്ത്തി. പിന്നാലെ അച്ഛൻ രാജാ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരയും കൊലപ്പെടുത്തുകയായിരുന്നു. അച്ഛൻ രാജാ തങ്കം കേദൽ വിദേശ പഠനം പൂർത്തിയാക്കാതെ എത്തിയതിൽ എതിർത്തതും അമ്മ ജീൻ പത്മ വിദേശത്ത് ജോലിക്ക് പോകാനൊരുങ്ങിയതും സഹോദരി എംബിബിഎസ് പൂർത്തിയാക്കാൻ പോകുന്നതുമെല്ലാം തന്നെ അവ​ഗണിക്കുന്നുവെന്ന തോന്നലിന് ഇടയാക്കിയെന്നാണ് കണ്ടെത്തല്‍.

പിന്നാലെ കുടുംബത്തെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പിടിയിലായതിന് ശേഷം കേസ് വഴി തിരിച്ച് വിടാൻ മാനസികാ​രോ​ഗ്യവിദ​ഗ്ധനോട് ഉൾപ്പടെ കേദൽ ആഭിചാരത്തിൻ്റെ കഥകൾ പറഞ്ഞു. എന്നാൽ പൊലീസ് ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. പൂജപ്പുര ജയിലിലാണ് കേദൽ നിലവിൽ ഉള്ളത്.

Content Highlights: Nanthancode case verdict updates

To advertise here,contact us