വേടന്‍റെ പരിപാടിക്ക് സ്റ്റേജൊരുക്കവേ ഷോക്കടിച്ച് മരണം; സംഘാടകര്‍ക്കെതിരെ ടെക്നീഷ്യന്‍റെ കുടുംബം

ഇത്തരമൊരു സാഹചര്യത്തിൽ വേദിയിൽ വന്ന് പാട്ടുപാടുന്നതിന് തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും പ്രേക്ഷകർ ഇത് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് വേടൻ പറഞ്ഞത്

തിരുവനന്തപുരം: കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ ടെക്‌നീഷ്യന്‍ ഷോക്കടിച്ച് മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരണപ്പെട്ട ആറ്റിങ്ങള്‍ കോരാണി സ്വദേശി ലിജു ഗോപിനാഥിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പരിപാടിയില്‍ ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ലിജുവിന്റെ മരണവാര്‍ത്ത മറച്ചുവെക്കാന്‍ സംഘാടകര്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കാനാണ് ലിജുവിന്റെ കുടുംബത്തിന്റെ തീരുമാനം. എല്‍ഇഡി ഡിസ്‌പ്ലേ സെറ്റ് ചെയ്യുന്ന ടെക്‌നീഷ്യനാണ് മരണപ്പെട്ട ലിജു ഗോപിനാഥ്.

ലിജുവിന്റെ മരണത്തെ തുടര്‍ന്ന് കിളിമാനൂരിലെ വേടന്റെ പരിപാടി റദ്ദാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വേദിയിൽ വന്ന് പാട്ടുപാടുന്നതിന് തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും പ്രേക്ഷകർ ഇത് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് വേടൻ പറഞ്ഞത്. 'കിളിമാനൂരില്‍വെച്ച് നടത്താനിരുന്ന എന്റെ പരിപാടിയില്‍ ലിജു എന്നു പറയുന്ന ഒരു സഹോദരന്‍ ഷോക്കേറ്റ് മരണപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍വന്ന് നിങ്ങളുടെ മുന്നില്‍ പാട്ടുപാടാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇത് ഞാന്‍ സംഘാടകരുമായും വേണ്ടപ്പെട്ട അധികാരികളുമായും സംസാരിച്ചിട്ടുണ്ട്. എന്നെ കാണാനും കേള്‍ക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നില്‍ വന്ന് ഇതെനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു. ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നില്‍ വന്ന് ഇത് പറയാന്‍ പറ്റാത്ത സാഹചര്യമാണ്. എന്റെ പ്രിയപ്പെട്ടവരായ നിങ്ങള്‍ ഇത് മനസിലാക്കുമെന്നും സംയമനം പാലിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു' എന്ന് വേടൻ പറഞ്ഞു.

എന്നാല്‍ പരിപാടി റദ്ദാക്കിയതിനു പിന്നാലെ സ്ഥലത്ത് വന്‍ പ്രതിഷേധമാണ് ഉണ്ടായത്. സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് വേടന്റെ ആരാധകര്‍ പ്രതിഷേധിച്ചത്. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Content Highlights: Electrician liju gopinath death, family allegation against vedan programme organisers

To advertise here,contact us