അഞ്ചൽ: കൊല്ലത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. അഞ്ചൽ കരുകോണിൽ കുട്ടികൾ ഉൾപ്പടെ ഏഴുപേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മദ്രസയിൽ പോയ കുട്ടിക്ക് നേരെ ഉൾപ്പെടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അഞ്ചൽ സ്വദേശി ബൈജുവിന്റെ മുഖത്തും ദേഹത്തും കടിയേറ്റു. കൂടുതൽ പേരെ ആക്രമിക്കാൻ ശ്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. കൊല്ലം കുന്നിക്കോട് ജാസ്മിന് മന്സിലില് നിയാ ഫൈസൽ പേവിഷ ബാധയേറ്റ് മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ജില്ലയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം രൂക്ഷമാകുന്നത്.
അതേസമയം, റാബീസ് കേസുകൾ(പേവിഷബാധ) ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ രംഗത്തെത്തി. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വികെപി മോഹൻകുമാർ പറഞ്ഞു.
'വന്ധ്യംകരണ പദ്ധതി മാത്രമാണ് നിയന്ത്രണത്തിനുള്ള ഏക പോംവഴി എന്നത് പേവിഷബാധാ കേസുകള് വര്ധിപ്പിക്കും. നായ്ക്കള് അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില് വന്ധ്യംകരണ പദ്ധതിയുടെ പ്രായോഗികത പരിശോധിക്കണം. പൊതുസ്ഥലങ്ങളില് കാണുന്ന അക്രമകാരികളെ പെട്ടെന്ന് ഷെല്ട്ടര് ചെയ്യുകയോ നശിപ്പിക്കുകയോ വേണം', മോഹന്കുമാര് പറഞ്ഞു.
പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ നടപടികൾ തെരുവുനായ വിഷയത്തിലും കൈകൊള്ളണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പേവിഷബാധയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ ജനകീയ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് കേരള സർക്കാർ മെഡിക്കൽ ഓഫീസർമാരുടെ സംഘടന(KGMOA)യും ആവശ്യപ്പെട്ടു.
Content Highlights: stray dog attack at kollam