ഇരുന്നൂറ് സൈക്കിൾ പമ്പുകളിലായി കഞ്ചാവ് കടത്തൽ; കയ്യോടെ പിടികൂടി പൊലീസും ഡാൻസാഫും

200 സൈക്കിൾ പമ്പുകളിലായാണ് പ്രതികൾ കഞ്ചാവ് കുത്തിനിറച്ച് കൊണ്ടുവന്നത്

കൊച്ചി: സൈക്കിൾ ടയർ പമ്പിൽ കഞ്ചാവ് കടത്തിയ നാല് യുവാക്കൾ പിടിയിൽ. അങ്കമാലിയിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമബം​ഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല(21), സിറാ​ജുൽ മുൻഷി(30), റാബി(42), സെയ്ഫുൽ ഷെയ്ഖ്(36) എന്നിവരെയാണ് റൂറൽ ജില്ലാ ​ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

200 സൈക്കിൾ പമ്പുകളിലായാണ് പ്രതികൾ കഞ്ചാവ് കുത്തിനിറച്ച് കൊണ്ടുവന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി എയർപ്പോർട്ട് സി​ഗ്നൽ ജം​ഗ്ഷനിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവ് കേരളത്തിൽ കൊണ്ടുവന്ന് വലിയ തുകയിൽ വിൽക്കാമെന്നായിരുന്നു ഇവരുടെ പദ്ധതി. റൂറൽ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി ആർ രാജേഷ്, നെടുമ്പാശ്ശേരി ഇൻസ്പെക്ട‍ർ സാബു ജി എന്നിവ‍ർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Content Highlights- Police and Dansaf catch cannabis smuggling red-handed in bicycle pump

To advertise here,contact us