പാലക്കാട് യൂത്ത് ലീഗില്‍ പൊട്ടിത്തെറി: കോങ്ങാട് മണ്ഡലം കമ്മിറ്റി രാജിവച്ചു; പ്രശ്‌നമൊന്നുമില്ലെന്ന് നേതൃത്വം

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്

പാലക്കാട്: സംഘടനാ തിരഞ്ഞെടുപ്പിനിടെ പാലക്കാട് യൂത്ത് ലീഗില്‍ പ്രതിഷേധം. മെമ്പര്‍ഷിപ്പ് പ്രഖ്യാപിച്ച ശേഷം ഭാരവാഹികളെ നിശ്ചയിച്ചതിലാണ് പ്രതിഷേധം. മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ തുടരുന്നതിനിടയില്‍ കഴിഞ്ഞ മാസമാണ് ആറ് പേരെ ഭാരവാഹികളായി തെരഞ്ഞെടുത്തത്. നിയോജക മണ്ഡലം ഭാരവാഹികളുമായി കൂടിയാലോചിച്ചില്ലെന്നതാണ് പ്രതിഷേധത്തിന് കാരണം. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഭാരവാഹികളെ തീരുമാനിച്ചത് സംഘടനാവിരുദ്ധമെന്ന് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റികളും അഭിപ്രായപ്പെട്ടു. മെമ്പര്‍ഷിപ്പ് പ്രഖ്യാപിച്ചാല്‍ പുന:സംഘടന നടത്തുന്നത് സംഘടനാ വിരുദ്ധമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രതിഷേധത്തിന് പിന്നാലെ കോങ്ങാട് മണ്ഡലം കമ്മിറ്റി രാജിവച്ചു. ഏഴ് മണ്ഡലം കമ്മിറ്റികളും എതിര്‍പ്പുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ജില്ലയിലെ പി കെ ഫിറോസ് വിഭാഗം നേതാവ് ഗഫൂര്‍ കോല്‍ക്കളത്തിനെതിരെയാണ് വിമര്‍ശനം വന്നിരിക്കുന്നത്. യൂത്ത്‌ലീഗ് ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശങ്ങളും സ്‌ക്രീന്‍ഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ, മലപ്പുറത്തും കോഴിക്കോടും കാസര്‍കോടും സമാനപ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം സംഘടനയ്ക്കകത്ത് പ്രശ്‌നമൊന്നുമില്ലെന്ന് യൂത്ത് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്താണ് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലാ കമ്മിറ്റിയില്‍ ഒഴിവ് വന്ന ഭാരവാഹിത്വത്തിലേക്ക് മുന്‍ എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും നേതൃത്വം പറഞ്ഞു.

സംഘടനയ്ക്കകത്ത് കലഹം എന്നത് നുണപ്രചരണമാണ്. സംഘടനാ വിരുദ്ധ പ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്നും വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും യൂത്ത് ലീഗ് ജില്ലാ അധ്യക്ഷന്‍ പി എം മുസ്തഫ തങ്ങള്‍ പറഞ്ഞു.

Content Highlights: PK Firos's favorites are being pushed in Explosion in Palakkad Youth League

To advertise here,contact us