നിപ ആശങ്ക; സമ്പർക്കപ്പട്ടികയിലെ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്

ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട  രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അതേ സമയം, ഇന്ന് 40 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതിൽ 62 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലാണ്. നിലവിൽ രോഗ ലക്ഷണങ്ങളോടെ എട്ടു പേര്‍ ചികിത്സയിലുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ രണ്ടു പേര്‍ ഐസിയുവില്‍ തുടരുകയാണ്. അതേ സമയം, നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാസം 25-ാം തീയതിയാണ് യുവതിക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലുള്ള ക്ലിനിക്കില്‍ ചികിത്സ തേടി. 27 ന് വീട്ടില്‍ തുടര്‍ന്നു. 28 ന് വളാഞ്ചേരിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 29-ന് ലാബിലും വളാഞ്ചേരിയിലെ ക്ലിനിക്കിലും പോയി. 30-നും ഇതേ ലാബില്‍ പരിശോധനയ്ക്ക് എത്തി. തൊട്ടടുത്ത ദിവസം വളാഞ്ചേരിയിലെ ലാബിലും ക്ലിനിക്കിലും പോയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Content Highlights- Nipah concerns; Two more people on contact list test negative

To advertise here,contact us