പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണനയില്ലെന്ന് കൊടിക്കുന്നിൽ, എംപി എന്നത് നല്ല പോസ്റ്റാണെന്ന് മുരളീധരൻ

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും കൊടിക്കുന്നിൽ ഓർമിപ്പിച്ചു

തിരുവനന്തപുരം: കെപിസിസി നേതൃത്വങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണ ലഭിക്കുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. എഐസിസിയിൽ ഉണ്ട് എങ്കിലും കേരളത്തിൽ ഇല്ല എന്നും നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാട്ടിൽ അർഹമായ പരിഗണന ഈ വിഭാഗങ്ങൾക്ക് ലഭിച്ചില്ല എന്ന പരാതിയുണ്ട് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കേരളത്തിലെ കെപിസിസി അധ്യക്ഷന്മാരുടെ ചിത്രം കെപിസിസി ആസ്ഥാനത്തുണ്ട്. അവിടെ ഒരു വിഭാഗത്തിൽപ്പെട്ട ആളുകളുടെ മാത്രം ചിത്രങ്ങളില്ല. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും കൊടിക്കുന്നിൽ ഓർമിപ്പിച്ചു. ഇതിന് കെ മുരളീധരൻ മറുപടിയുമായും രംഗത്തെത്തി. എംപി എന്ന് പറഞ്ഞാൽ നല്ല പോസ്റ്റാണ്. അതിന് കുറെ മെച്ചമുണ്ട്. സുരേഷിന് എപ്പോൾ വേണമെങ്കിലും ഡൽഹിയിലേക്ക് പോകാം. വിമാനത്തിന് ടിക്കറ്റെടുക്കാൻ സർക്കാർ കാശ് നൽകും. എന്നാൽ താൻ പെൻഷൻ കാശിൽ നിന്ന് ഡൽഹിക്ക് പോകണമെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്. ഷാഫി വടകരയിലെത്തിയപ്പോൾ ഗ്രാഫ് ഉയർന്നെന്നും എന്നാൽ താന്‍ തൃശൂരിൽ കാല് കുത്തിയപ്പോൾ തന്റെയും ഒപ്പം പ്രതാപന്റെയും ഗ്രാഫ് താഴ്ന്നുവെന്നും മുരളീധരൻ തമാശ രൂപേണ പറഞ്ഞു. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം.

അല്പസമയം മുൻപാണ് സണ്ണി ജോസഫ് കെപിസിസിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സണ്ണി ജോസഫിന് ചുമതല കൈമാറിയത്. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ഇന്ന് ചുമതലയേറ്റു.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചുമതലയേല്‍ക്കുന്നതിന് മുമ്പായി പുതിയ കെപിസിസി നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ചിരുന്നു. സണ്ണി ജോസഫ്, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്.

യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാന്‍ കഴിഞ്ഞാല്‍ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു. പുതിയ നേതൃത്വം കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയുടെയും കെ കരുണാകരന്റെയും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

Content Highlights: Kodikkunil asks for more obc, dalit representation at KPCC

To advertise here,contact us