കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ കൊച്ചിയില്‍

ട്രാന്‍സ് വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ട സമ്പൂര്‍ണ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ കൊച്ചിയില്‍. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു സെന്റര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ട് ഒട്ടേറെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് നിരുപാധിക പിന്തുണയാണ് സാമൂഹ്യനീതി വകുപ്പ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന ശാരീരിക അതിക്രമങ്ങള്‍, മാനസിക പീഡനം, അപകടങ്ങള്‍, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കിടയില്‍ തന്നെയുളള പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് ആധുനിക വിവരസാങ്കേതിക സജ്ജീകരണങ്ങളോടെയാണ് സെന്റര്‍ ഒരുക്കിയിട്ടുളളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ പരാതി, പ്രശ്‌നപരിഹാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ വഴി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാധിക്കും.

ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പെട്ടെന്ന് എത്തിച്ചേരാവുന്ന ഒരു സുരക്ഷിത കേന്ദ്രമായിരിക്കും ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍. വൈദ്യസഹായം, കൗണ്‍സലിംഗ് തുടങ്ങിയ സഹായങ്ങള്‍ സെന്റര്‍ ലഭ്യമാക്കും. ട്രാന്‍സ് വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ട സമ്പൂര്‍ണ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ് മെന്നിന് അഞ്ചുലക്ഷം രൂപയും ട്രാന്‍സ് വുമണിന് രണ്ടര ലക്ഷം രൂപ വരെയുമാണ് നല്‍കുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആറുമാസം മൂവായിരം രൂപ വീതം അലവന്‍സും നല്‍കുന്നുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനായി പാര്‍പ്പിട പദ്ധതി ആരംഭിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. സ്വന്തമായി സ്ഥലമുളളവര്‍ക്ക് വീട് വയ്ക്കാനും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അതിന്റെ ഭാഗമായി അഡ്വാന്‍സ് എന്ന നിലയില്‍ പണം നല്‍കാനും സാധിക്കുന്ന വിധത്തില്‍ ഒന്നിലധികം സ്‌കീമുകളാണ് പാര്‍പ്പിട പദ്ധതി എന്ന രീതിയില്‍ രൂപീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: kerala's first transgender crisis intervension centre inaugurated in kochi

To advertise here,contact us