കേരളത്തിന് ആവശ്യം കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം; നന്ദി പറഞ്ഞ് സണ്ണി ജോസഫ്

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി വൈസ് പ്രസിഡന്റുമാരെക്കുറിച്ചുള്ള പ്രതീക്ഷയും സണ്ണി ജോസഫ് പങ്കുവെച്ചു

തിരുവനന്തപുരം: കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി അധ്യക്ഷമായി ചുമതലയേറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സണ്ണി ജോസഫ്. സാധാരണ കാര്‍ഷിക കുടുംബത്തില്‍ നിന്നും വന്ന തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ഹൈക്കമാന്‍ഡിനും കേരളത്തിലെ കോണ്‍ഗ്രസിനും നന്ദിയെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

'കൂട്ടായമയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമായിരിക്കും. ഐക്യത്തിന്റെ കണ്ണിയാണ് കോണ്‍ഗ്രസ്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയിപ്പിക്കും. അതിനായി ഒന്നിച്ചുനിന്ന് പോരാടും', സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ ഇപ്പോഴും അക്രമ രാഷ്ട്രീയം അരങ്ങേറുകയാണ്. അഴിമതി ആരോപണങ്ങളിലും പിണറായി വിജയന് ഉത്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി വൈസ് പ്രസിഡന്റുമാരെക്കുറിച്ചുള്ള പ്രതീക്ഷയും സണ്ണി ജോസഫ് പങ്കുവെച്ചു. ഇവര്‍ 'ഹാര്‍ഡ് വര്‍ക്കിംഗ്' പ്രസിഡന്റുമാരായിക്കുമെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റത്.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Content Highlights: congress Party needs collective action in kerala said sunny joseph

To advertise here,contact us