അനീസുമ്മയ്ക്ക് ഇനി മതിൽക്കെട്ടുകൾ കയറി ഇറങ്ങാതെ വീട്ടിൽ എത്താം; സഹായിച്ചത് റിപ്പോ‍‍ട്ട‍ർ വാർത്തയും നാട്ടുകാരും

അയൽവാസികൾ അനീസുമ്മയുടെ വീടിന് ചുറ്റും മതിൽ കെട്ടിയുയർത്തി നടവഴി അടച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മോഡേൺ ബസാർ സ്വദേശിനി അനീസുമ്മയുടെ ദീർഘനാളത്തെ ആ​​ഗ്രഹം ആയിരുന്നു സ്വന്തം വീട്ടിലേക്ക് കയറാനും ഇറങ്ങാനുമായി ഒരു വഴി. കഴിഞ്ഞ ഒമ്പത് വർഷമായി അനീസുമ്മ അതിന് വേണ്ടി കയറി ഇറങ്ങാത്ത സർക്കാർ സംവിധാനങ്ങളില്ല. അയൽവാസികൾ അനീസുമ്മയുടെ വീടിന് ചുറ്റും മതിൽ കെട്ടിയുയർത്തി നടവഴി അടച്ചതാണ് കാരണം.

എന്നാൽ ഈ വാർത്ത റിപ്പോർട്ടർ ടിവി പുറത്ത് വിട്ടതോടെ നാട്ടിലാകെ അനീസുമ്മയുടെ പ്രശ്നം ചർച്ചയാവുകയും പിന്നീട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിൽ പൊളിച്ച് നീക്കുകയുമായിരുന്നു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. ശേഷം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനീസുമ്മയുടെ അയൽവാസികളുടെ സമ്മതത്തോടെ വഴിതുറക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഒമ്പത് വർഷങ്ങളായി അനീസുമ്മ അനുഭവിച്ച നടവഴി എന്ന ബുദ്ധിമുട്ട് മാറിയിരിക്കുകയാണ്.

നിലവിൽ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായെങ്കിലും അടിയാധരത്തിലുള്ള വഴിക്കായുള്ള കാത്തിരിപ്പിലാണ് അനീസുമ്മ. നാട്ടുകാർ വഴി തുറന്ന് നൽകിയതോടെ ഇനി മതിൽക്കെട്ടുകൾ കയറി ഇറങ്ങാതെ അനീസുമ്മയ്ക്ക് വീട്ടിലേക്ക് വരികയും പോവുകയും ചെയ്യാം.

Content Highlights:Locals cut a path to Aneesumma's house

To advertise here,contact us