ചേന്ദമംഗലം കൂട്ടക്കൊലപാതകം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ജിതിൻ ബോസ് ആശുപത്രി വിട്ടു

കഴിഞ്ഞ ജനുവരി 18നായിരുന്നു ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്

കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി വിട്ടു. പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജിതിൻ ബോസാണ് മൂന്നര മാസത്തിന് ശേഷം ആശുപത്രി വിട്ടത്. ജിതിന്റെ ഭാര്യ വിനീഷയെയും വിനീഷയുടെ മാതാപിതാക്കളായ പേരേപ്പാടം കാട്ടിപറമ്പിൽ വേണു, ഭാര്യ ഉഷ എന്നിവരെയും അയൽവാസിയായ കണിയാപറമ്പിൽ റിതു തലയ്ക്കടിച്ചു കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ നിന്ന് ജിതിൻ്റെ സ്കൂൾ വിദ്യാർത്ഥിനികളായ പെൺമക്കൾ രക്ഷപ്പെട്ടിരുന്നു.

ആക്രമണത്തിൽ തലയോട്ടി പൊട്ടിയ ജിതിന് പലതവണ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോൾ‍ നടക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് ജിതിൻ തിരിച്ചുവന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമൊപ്പം കേക്ക് മുറിച്ച ശേഷമാണ് ജിതിൻ വീട്ടിലേയ്ക്ക് മടങ്ങിയത്.

കഴിഞ്ഞ ജനുവരി 18നായിരുന്നു ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ജിതിന്റെ സമീപവാസിയായ കൊലയാളി റി​തു ജയൻ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights:jithin Bose, who was undergoing treatment for injuries, leaves hospital

To advertise here,contact us