വികസന കുതിപ്പില്‍ കോഴിക്കോട് ജില്ലയും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനകുതിപ്പിനൊപ്പം കോഴിക്കോടും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയും. ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഒമ്പത് വര്‍ഷത്തിനിടെ ലഭിച്ചത് 168 കോടി രൂപയുടെ ഭരണാനുമതി. കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കടലുണ്ടി പക്ഷി സങ്കേതത്തിന്റെ മുഖഛായ മാറ്റിയ 'ന്വേച്ചര്‍ വാക് വേ' പദ്ധതിയുടെ നിര്‍മ്മാണം 1.43 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചത്.

സരോവരം ബയോ പാര്‍ക്കിന്റെ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി 'സരോവരം നേച്ചര്‍ ലേര്‍ണിങ് സെന്റര്‍ ഫെയ്സ് വണ്‍' ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി 1.74 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കുറ്റിച്ചിറ കുളവും പരിസരവും ടൂറിസം പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 1.25 കോടി രൂപ മുതല്‍ മുടക്കിലാണ് നവീകരിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരില്‍ തന്നെ സ്മാരകം പണിയുന്നതിനായി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'ആകാശ മിഠായി' എന്ന പേരില്‍ 7.37 കോടി രൂപ ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കി. ഈ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ഉത്തരവാദിത്ത ടൂറിസം; ഒന്നാമാതാകാന്‍ കോഴിക്കോട്

വിനോദ സഞ്ചാര പദ്ധതികളുടെ നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ചതായി ലഭ്യമാക്കിക്കൊണ്ട് പ്രാദേശിക ടൂറിസത്തില്‍ ചരിത്രം സൃഷ്ടിക്കുകയാണ് കോഴിക്കോട് ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍. 4313 യൂണിറ്റുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 3786 പേര്‍ക്കാണ് ഇത്തരത്തില്‍ പരിശീലനം നല്‍കിയത്. യൂണിറ്റുകള്‍ തുടങ്ങിയവരായും പരിശീലനത്തില്‍ പങ്കെടുത്തവരായും 80 ശതമാനം സ്ത്രീകളാണ് എന്നതും പദ്ധതിയുടെ നേട്ടമാണ്. ജില്ലയില്‍ നിലവില്‍ ബേപ്പൂര്‍ മണ്ഡലത്തിലും ഒളവണ്ണ, കടലുണ്ടി, തലക്കുളത്തൂര്‍, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലുമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഗ്രാമീണ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. കേരളീയ ഗ്രാമീണത അനുഭവിക്കാനാകുന്ന വിവിധയിനം പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

അമ്മയും കുഞ്ഞും സുരക്ഷിതരാണ്; മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണ വലയമൊരുക്കുകയാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍. മികച്ച പരിചരണം, ആരോഗ്യ പ്രവര്‍ത്തകരുടെ പിന്തുണ, വൃത്തിയുള്ള ശുചിമുറികള്‍, വാര്‍ഡുകള്‍ തുടങ്ങിയവയൊരുക്കിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ മികവിന്റ കേന്ദ്രങ്ങളായിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സഖി കോംപ്ലക്സിലൂടെ ഗര്‍ഭിണികളുടെ മാനസിക പിരിമുറുക്കം കുറച്ച് പ്രസവം സാധ്യമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ മാത്രമുണ്ടായിരുന്ന സൗകര്യമാണ് ഇതിലൂടെ സാധാരണക്കാര്‍ക്കും ലഭ്യമാകുന്നത്. പ്രസവമുറിയുടെയും ഓപറേഷന്‍ തിയേറ്ററിന്റെയും ഗുണമേന്മ ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന 'ലക്ഷ്യ' അംഗീകാരം ജില്ലയില്‍ കോട്ടപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി, ഐഎംസിഎച്ച് കോഴിക്കോട്, സര്‍ക്കാര്‍ ജനറല്‍ ആശുപത്രി എന്നിവക്ക് ലഭിച്ചിട്ടുണ്ട്. പത്ത് കോടി രൂപയുടെ എംസിഎച്ച് ബ്ലോക്ക്, 1.44 കോടി രൂപ ചെലവിട്ട് പ്രസവ വിഭാഗം ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡില്‍ ഉയര്‍ത്തിയത് എന്നിവ കുട്ടികളുടെയും അമ്മയുടെയും ആശുപത്രിയില്‍ നടന്ന പ്രവൃത്തികളാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച പ്രസവ യൂണിറ്റ്, കോട്ടപറമ്പ് ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് എന്നിവ ജില്ലയില്‍ മാതൃ-ശിശു സംരക്ഷണം മുന്‍നിര്‍ത്തി നടന്ന പ്രധാന പ്രവര്‍ത്തനങ്ങളാണ്.

ജല്‍ ജീവന്‍ മിഷന്‍: ജില്ലയില്‍ നല്‍കിയത് 2,84,750 കുടിവെള്ള കണക്ഷനുകള്‍

ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ നല്‍കിയത് മൂന്ന് ലക്ഷത്തോളം കണക്ഷനുകള്‍. പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയില്‍ പൂര്‍ത്തിയാകുമ്പോള്‍ 2,84,750 കണക്ഷനുകളാണ് ജല അതോറിറ്റി നല്‍കിയത്. ജലശുദ്ധീകരണശാലകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ എല്ലാ പഞ്ചായത്തുകളിലെയും മുഴുവന്‍ വീടുകളിലും വിതരണ ശൃഖല സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനാകും. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 5,26,159 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ 4508.95 കോടി രൂപയുടെ ഭരണ, സാങ്കേതിക അനുമതികളാണ് ലഭിച്ചത്.

തൊഴിലന്വേഷകര്‍ക്ക് കരുത്തായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്; ഒമ്പത് വര്‍ഷത്തിനിടെ നിയമനം ലഭിച്ചത് 7,178 പേര്‍ക്ക്

പഠിച്ചിറങ്ങിയിട്ടും ജോലിയില്ലെന്ന ആവലാതി ഇനി വേണ്ട, ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ യോഗ്യതക്കനുസരിച്ച് ജോലി ലഭിക്കാന്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സഹായിക്കും. 7,178 പേര്‍ക്കാണ് ഒമ്പത് വര്‍ഷത്തിനിടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം ലഭിച്ചത്. വിവിധ യോഗ്യതയുള്ള 10,715 പുരുഷന്മാരും 18,718 സ്ത്രീകളും ഉള്‍പ്പെടെ 29,433 ഉദ്യോഗാര്‍ഥികളാണ് എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. വിവിധ ജോബ് ഫെസ്റ്റുകളിലായി 12,873 പേര്‍ക്ക് സ്വകാര്യ മേഖലയിലും ജോലി ലഭിച്ചു.

ജനകീയ പദ്ധതികള്‍; സ്മാര്‍ട്ടായി പൊതുവിതരണ വകുപ്പ്

ജനകീയ പദ്ധതികളിലൂടെ പൊതുവിതരണ രംഗത്ത് നിരവധി മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ജില്ല സാക്ഷ്യം വഹിച്ചത്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പംതന്നെ വകുപ്പില്‍നിന്ന് ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെല്ലാം ആധുനികവത്കരിച്ചു. ഭക്ഷ്യധാന്യങ്ങള്‍ നഗറുകളിലെ വീടുകളില്‍ എത്തിച്ചുനല്‍കുന്ന 'സഞ്ചരിക്കുന്ന റേഷന്‍ കട' പദ്ധതി ജില്ലയില്‍ വിജയകരമായി മുന്നോട്ടുപോകുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്കും വനമേഖലകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന പദ്ധതി ജില്ലയില്‍ ആദ്യമായി താമരശ്ശേരി താലൂക്കിലാണ് നടപ്പാക്കിയത്. വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് ആരംഭിച്ച സുഭിക്ഷ ഹോട്ടലുകള്‍ ജില്ലയില്‍ നാലിടത്ത് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.

സ്വപ്ന ഭവനത്തിന് മേല്‍ക്കൂരയൊരുക്കി ലൈഫ് മിഷന്‍; ജില്ലയില്‍ നിര്‍മിച്ചു നല്‍കിയത് 33,477 വീടുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 33,477 വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കി. ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി 6484 വീടുകളും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി 5147 വീടുകളും മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 682 വീടുകളുമാണ് പണിതു നല്‍കിയത്. വിവിധ വകുപ്പു മുഖേന 2192 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കി. പിഎംഎവൈ അര്‍ബന്‍ പദ്ധതിയിലൂടെ 8153 വീടുകളും പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയിലൂടെ 2345 വീടുകളും പൂര്‍ത്തീകരിച്ചു. ഇതിലൊന്നും ഉള്‍പ്പെടാതെ എസ് സി, എസ് ടി അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 2087 വീടുകളും ലൈഫ് 2020ല്‍ 5893 വീടുകളും അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെട്ട 494 വീടുകളുമാണ് ഇതിനോടകം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്.

തീരദേശ മേഖലയുടെ വികസനത്തിന് ചെലവിട്ടത് 780 കോടി

ജില്ലയിലെ തീരദേശ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്. ഒമ്പത് വര്‍ഷത്തിനിടെ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന 780 കോടിയിലധികം രൂപയുടെ പ്രവൃത്തികള്‍ യാഥാര്‍ഥ്യമായി. മത്സ്യബന്ധന തുറമുഖം, ഹാര്‍ബര്‍ നവീകരണം, ഡ്രെഡ്ജിങ്, പുലിമുട്ട്, ദുരന്തനിവാരണ ഷെല്‍ട്ടര്‍, ബെര്‍ത്തിങ് ജട്ടി നിര്‍മാണങ്ങള്‍, തീരദേശ സൗന്ദര്യവത്കരണം, ഹാച്ചറി യൂണിറ്റ്, ഫിഷ് ലാന്‍ഡിങ് സെന്റര്‍, തീരദേശ റോഡുകള്‍ തുടങ്ങിയവയുള്‍പ്പടെ വിവിധ വികസന പദ്ധതികള്‍ക്കാണ് തുക വിനിയോഗിച്ചത്. സംസ്ഥാന സര്‍ക്കാരിന് പുറമെ കേന്ദ്രസര്‍ക്കാറിന്റെയും നബാര്‍ഡ് ഉള്‍പ്പടെയുള്ള ഏജന്‍സികളുടെയും ഫണ്ടും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കി.

വിദ്യാഭ്യാസ മുന്നേറ്റത്തിലേക്ക് വഴിതുറന്ന് എസ്.എസ്.കെ പദ്ധതികള്‍

സമഗ്ര ശിക്ഷ കേരള പദ്ധതിയിലൂടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുമായി ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ ഒമ്പത് വര്‍ഷത്തിനിടെ നടപ്പാക്കിയത് മാതൃകാ പദ്ധതികള്‍. ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനായി മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ബഡ്ഡിങ് റൈറ്റേഴ്സ്, സുരീലി ഹിന്ദി, മീഠി മലയാളം, അഹ്ലന്‍ അറബിക് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. ശാസ്ത്രപഠനം ലക്ഷ്യമാക്കി സയന്‍സ് കിറ്റുകള്‍ വിതരണം ചെയ്യുകയും ശാസ്ത്രപഥം, ടിങ്കറിങ് ലാബ്, ഗണിതലാബ്, ശാസ്ത്ര-സാമൂഹികശാസ്ത്ര ലാബുകള്‍, വെതര്‍സ്റ്റേഷനുകള്‍ എന്നിവയൊരുക്കുകയും ചെയ്തു. ഗണിതശാസ്ത്ര പഠനത്തിനായി ഉല്ലാസഗണിതം, ഗണിതവിജയം തുടങ്ങിയ പരിപാടികളും ശ്രദ്ധനേടി. സ്‌കൂള്‍ ലൈബ്രറികള്‍ വിപുലീകരിക്കുന്നതിനുള്ള ഫണ്ട് നല്‍കിയതിന് പുറമെ വായനാ പരിപോഷണ പരിപാടികളും നടന്നുവരുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കും സാമൂഹികമായും മറ്റും പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കുമായി പ്രതിഭാ കേന്ദ്രങ്ങള്‍, സ്‌കഫോള്‍ഡ്, സ്പെഷ്യല്‍ കെയര്‍ സെന്ററുകള്‍, ഓട്ടിസം സെന്ററുകള്‍ എന്നിവയൊരുക്കി. സംസ്ഥാന സര്‍ക്കാറിന്റെ ഉള്‍ചേര്‍ക്കല്‍ നയത്തിന്റെ ചുവടുപിടിച്ച് 100 ശതമാനം കുട്ടികളെയും സ്‌കൂളുകളിലെത്തിക്കാനുള്ള പ്രത്യേക പരിശ്രമങ്ങള്‍ ഇക്കാലയളവില്‍ നടത്തി. മെഡിക്കല്‍ ക്യാമ്പുകള്‍, സഹായ ഉപകരണ വിതരണം, കിടപ്പിലായവര്‍ക്ക് ഡയപ്പര്‍, വാട്ടര്‍ബെഡ്, തെറാപ്പിമാറ്റ് വിതരണം, ട്രാന്‍സ്പോര്‍ട്ട്-എസ്‌കോര്‍ട്ട് അലവന്‍സുകള്‍, ഗേള്‍സ് സ്റ്റൈപ്പന്റ്, റീഡര്‍ അലവന്‍സ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെ അക്കാദമിക പിന്തുണ എന്നിവ ഉറപ്പാക്കിവരുന്നു.

ദേശീയപാത വികസനം

ദേശീയപാത നിര്‍മാണം ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ 28.4 കിലോമീറ്റര്‍ ഒന്നാം ഭാഗവും വെങ്ങളം മുതല്‍ വടകര അഴിയൂര്‍ വരെ 40.8 കിലോമീറ്റര്‍ രണ്ടാം ഭാഗവും ഉള്‍പ്പടെ 69.2 കിലോമീറ്ററാണ് ജില്ലയിലെ ദേശീയപാതയുടെ ദൂരം. വെങ്ങളം-രാമനാട്ടുകര റീച്ച് പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. 28.40 കിലോമീറ്റര്‍ ദൂരത്തെ പ്രവൃത്തികളില്‍ 92.40 ശതമാനവും പൂര്‍ത്തിയായി. ഈ റീച്ചിലെ പ്രധാന പാലങ്ങള്‍ വീതികൂട്ടി ആറുവരിയാക്കുന്ന പ്രവൃത്തികള്‍ 2026 മാര്‍ച്ച് അഞ്ചിനകം പൂര്‍ത്തീകരിക്കും. പ്രധാന ജംഗ്ഷനുകളായ വേങ്ങേരി, മലാപ്പറമ്പ് ഭാഗത്ത് മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുനല്‍കിയിട്ടുണ്ട്. ഏറെ തിരക്കുള്ള കൊയിലാണ്ടിയില്‍ ദേശീയപാതക്കായി പുതിയ ബൈപ്പാസ് നിര്‍മാണവും പുരോഗമിക്കുന്നു. അഴിയൂര്‍ വെങ്ങളം റീച്ചിലെ 40.80 കിലോമീറ്റര്‍ പ്രവൃത്തിയില്‍ 55.66 ശതമാനമാണ് പൂര്‍ത്തീകരിച്ചത്. 2026 മാര്‍ച്ച് 31ന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാകും. 123.63 ഏക്കര്‍ ഭൂമിയാണ് ദേശീയപാതക്കായി ജില്ലയില്‍ ഏറ്റെടുത്തത്. ഭൂമിക്കായി 1872.58 കോടി രൂപ ചെലവഴിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി 416.62 കോടി രൂപയാണ് ജില്ലയില്‍ അനുവദിച്ചത്.

To advertise here,contact us