നവകേരളത്തിലേക്ക് പാലമിട്ട ആലപ്പുഴയുടെ 9 വര്‍ഷങ്ങള്‍

ആലപ്പുഴയുടെ വികസന കുതിപ്പിന് ഗതിവേഗം പകര്‍ന്ന് റോഡുകളും ഈ കാലയളവില്‍ തന്നെ മാറ്റത്തിന് വിധേയമായി

ഓളങ്ങളുടെയും ഓടങ്ങളുടെയും പാലങ്ങളുടെയും നാടാണ് ആലപ്പുഴ. ഒരു പാലമെങ്കിലും കടക്കാതെ ആലപ്പുഴ കടക്കാന്‍ ഒരാള്‍ക്കും കഴിയില്ല. ഏറ്റവും വലിയ ഉയരപ്പാതയും രണ്ട് കരകളെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ പാലവും മനോഹരങ്ങളായ മറ്റനേകം പലങ്ങളുമെല്ലാം ആലപ്പുഴയുടെ പാലപ്പെരുമ വിളിച്ചോതുന്നതാണ്. 2016 മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ 445.72 കോടി രൂപ ചെലവില്‍ 24 പാലങ്ങളാണ് ജില്ലയില്‍ നിര്‍മ്മിച്ചത്. കുട്ടനാടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ഊര്‍ജ്ജമാകത്തക്കവണ്ണം പാത്ത്‌വേ പാലമായ പടഹാരം പാലം, അത്യാകര്‍ഷകമായി മുപ്പാലം പുനര്‍ രൂപകല്‍പ്പന ചെയ്തുണ്ടാക്കിയ നാല്‍പ്പാലം, വലിയഴിക്കല്‍ പാലം, വാക്കയില്‍ പാലം, മഠത്തില്‍കടവ് പാലം, കൂട്ടുംവാതിക്കല്‍ കടവ് പാലം എന്നിവയെല്ലാം പ്രധാന പാലങ്ങളില്‍ പൂര്‍ത്തീകരിച്ചവയാണ്.

ആലപ്പുഴയുടെ വികസന കുതിപ്പിന് ഗതിവേഗം പകര്‍ന്ന് റോഡുകളും ഈ കാലയളവില്‍ തന്നെ മാറ്റത്തിന് വിധേയമായി. സെമി എലിവേറ്റഡ് ഹൈവേ രീതിയില്‍ നിര്‍മ്മിക്കുന്ന ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന്റെ 90 ശതമാനം പ്രവര്‍ത്തിയും ഇതിനകം പൂര്‍ത്തിയായി. 35 റോഡുകള്‍ക്ക് 10 കോടി രൂപക്ക് മുകളില്‍ ചെലവ് വരുന്ന പ്രവര്‍ത്തികളാണ് നടത്തിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി അരൂര്‍ - തുറവൂര്‍ എലിവേറ്റഡ് പാത പൂര്‍ത്തിയായിവരികയാണ്.

രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി 175 പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളും നടപ്പാക്കി. വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ പദ്ധതിയിലൂടെ 2022 -23 സാമ്പത്തിക വര്‍ഷം മാത്രം ജില്ലയില്‍ 9953 പുതിയ സംരംഭങ്ങളാണ് ആരംഭിച്ചത്. ആരോഗ്യ മേഖല മെച്ചപ്പെടുത്താന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ട്.

കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ അടക്കം വിനോദസഞ്ചാര മേഖലകള്‍ക്ക് പുത്തന്‍ സാധ്യതകള്‍ പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിദാരിദ്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കണ്ടെത്തിയ 3613 കുടുംബങ്ങളില്‍ 3292 കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കാനും കഴിഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഇതുവരെ ജില്ലയില്‍ 32,796 വീടുകളാണ് പൂര്‍ത്തിയാക്കിയത്. 5912 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ആലപ്പുഴ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വേമ്പനാട് കായല്‍ പുനരുജ്ജീവനത്തിന്റെ ഭാഗമായി വിവിധ പദ്ധതികളും നടപ്പിലാക്കി വരുകയാണ്. ഇത് ജില്ലയുടെ ടൂറിസം മേഖലയ്ക്കും പുതിയ സാധ്യതകള്‍ക്ക് വഴി തുറക്കും. കഴിഞ്ഞ 9 വര്‍ഷം ആലപ്പുഴയ്ക്ക് വികസന കുത്തിപ്പിന്റെ കാലം കൂടിയാണ്.

Content Highlights: development of alappuzha district with ldf governement

To advertise here,contact us