കോഴികോട്: ഇന്ത്യ പാക് സംഘർഷാവസ്ഥ തുടരവെ പാകിസ്താൻ അനുകൂല പോസ്റ്റിട്ടെന്ന് പേരിൽ കോഴികോട് കക്കോടി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. യുദ്ധത്തിനെതിരെ പോസ്റ്റിട്ടെന്നാണ് കക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ കക്കോടിക്കെതിരെയുള്ള പരാതി. ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങൾ ഉള്ളവരാണ്' എന്നാണ് ഷീബ പോസ്റ്റ് ചെയ്തിരുന്നത് . സിപിഐഎം നേതാവ് കൂടിയായ പ്രസിഡൻ്റ് പാക് അനുകൂല പരാമർശമാണ് നടത്തിയതെന്ന് ചൂണ്ടികാട്ടിയാണ് പരാതി. വിവാദമായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചു.
അതേ സമയം, സ്വന്തം മുറ്റത്ത് മിസൈല് പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്ക്ക് യുദ്ധമെന്നത് അതിര്ത്തിയിലെ പൂരമാണെന്ന സിപിഐഎം നേതാവ് എം സ്വരാജിന്റെ കുറിപ്പും ചര്ച്ചയായിരുന്നു. ഇന്ത്യാ- ചൈന യുദ്ധമുണ്ടായപ്പോള് ഇന്ത്യ പ്രകോപിപ്പിച്ചതാണ് യുദ്ധകാരണം എന്ന് വാദിച്ച രണദിവെയുടെയും ഇഎംഎസിന്റെയും ഹര്കിഷന് സിംഗ് സുര്ജിതിന്റെയും എകെജിയുടെയും പിന്മുറക്കാര് ഇങ്ങനെ ചെയ്തില്ലെങ്കിലേ അതിശയമുളളുവെന്നും അങ്ങനെയുളളവര് അതുകൊണ്ടുതന്നെ യുദ്ധം ഉണ്ടാകുമ്പോള് മുകുന്ദന്റെ ഗാഥകള് വായിച്ച് സമാധാനവാഹകരാകുമെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന് വര്ക്കി വിമർശിച്ചു. രാഷ്ട്രീയത്തിലായാലും മത്തന് കുത്തിയാല് കുമ്പളം മുളയ്ക്കില്ലല്ലോ എന്നും അബിന് വര്ക്കി കൂട്ടിച്ചേര്ത്തു.
Content Highlights- Youth Congress files complaint against CPI(M) leader over alleged pro-Pakistan post