പാലക്കാട്: പുതിയ കെപിസിസി അധ്യക്ഷനെ നിയമിച്ചതില് പ്രതികരണവുമായി യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് എംഎല്എ. ഇതുപോലെ ആവേശം തോന്നുന്ന നിമിഷം ഉണ്ടായിട്ടില്ലെന്ന് രാഹുല് മാങ്കൂട്ടത്തില് പറഞ്ഞു. കെപിസിസി ഭാരവാഹി പ്രഖ്യാപനം മികച്ച ബ്ലെന്റിങ്ങാണെന്നും രാഹുല് മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് വിദഗ്ദരാണ് നേതൃസ്ഥാനത്തെത്തിയത്. സണ്ണി ജോസഫ് സഭയുടെ നിര്ദ്ദേശമല്ലെന്നും കോണ്ഗ്രസ് എന്ന ഒറ്റ ഗ്രൂപ്പിന്റെ നേതാക്കളാണ് എല്ലാവരുമെന്നും രാഹുല് കൂട്ടിച്ചേര്ത്തു. ഇതില് വിഭാഗീയതയില്ലെന്നും രാഹുല് മാങ്കൂട്ടത്തില് വ്യക്തമാക്കി.
'ഏതൊരു കോണ്ഗ്രസ് പ്രവര്ത്തകനെയും ആവേശപ്പെടുത്തുന്ന ഉജ്ജ്വലമായ തീരുമാനത്തിന് ഹൈക്കമാന്ഡിന് നന്ദി. ശ്രീ കെ സുധാകരന് എന്ന വര്ക്കിംഗ് കമ്മിറ്റി മെമ്പറും ശ്രീ സണ്ണി ജോസഫ് എന്ന കെപിസിസി പ്രസിഡന്റും ശ്രീ അടൂര് പ്രകാശ് എന്ന യുഡിഎഫ് കണ്വീനറും വര്ക്കിംഗ് പ്രസിഡന്റുമാരായ ശ്രീ എ പി അനില്കുമാറും ശ്രീ പി സി വിഷ്ണുനാഥും ശ്രീ ഷാഫി പറമ്പിലും കൃത്യമായ ടീമാണ്. തിരഞ്ഞെടുപ്പ് വര്ഷം തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഈ ടീം യുഡിഎഫിനെ വിജയത്തിലെത്തിക്കും', രാഹുല് പറഞ്ഞു.
കെ സുധാകരനെ മാറ്റി പേരാവൂര് എംഎല്എയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ സണ്ണി ജോസഫിന പുതിയ കെപിസിസി അദ്ധ്യക്ഷനായി നിയമിക്കുകയായിരുന്നു. കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ സുധാകരനെ കോണ്ഗ്രസ് പ്രവര്ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കാനാണ് തീരുമാനം.
നിലവിലെ യുഡിഎഫ് കണ്വീനറായ എം എം ഹസ്സനെയും വര്ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില് സുരേഷ്, ടി എന് പ്രതാപന്, ടി സിദ്ധീഖ് എന്നിവരെയും പദവിയില് നിന്നൊഴിവാക്കി. പകരം അടൂര് പ്രകാശിനെ യുഡിഎഫ് കണ്വീനറായി തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്കുമാര്, ഷാഫി പറമ്പില് എന്നിവരെ പുതിയ വര്ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു.
Content Highlights: Rahul Mamkoottathil about KPCC President