കോട്ടയത്ത് പെണ്‍സുഹൃത്തിനെ കാറിടിപ്പിച്ച് കൊന്ന കേസ്; നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ, രണ്ട് പേർ കസ്റ്റഡിയിൽ

കോട്ടയം ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ് കൊല്ലപ്പെട്ട നീതു

കോട്ടയം: കോട്ടയം കറുകച്ചാലിൽ യുവതിയെ സുഹൃത്ത് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട നീതുവിന്റെ സുഹൃത്ത് അൻഷാദിനേയും ഇയാളുടെ സഹായി ഉജാസ് അബ്ദുൽ സലാമിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. നീതുവിനെ ഇടിച്ച വാഹനത്തിന് നമ്പർപ്ലേറ്റ് ഇല്ലായിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.

കൃത്യം നടത്തുന്നതിന് തൊട്ട്മുൻപ് പ്രതികൾ കാറിന്‍റെ മുൻവശത്തെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ കാറിന്റെ പിൻവശത്തെ നമ്പർപ്ലേറ്റ് ഇവർ മാറ്റിയില്ല. ഇതാണ് പ്രതികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. സംഭവശേഷം വെട്ടിക്കാവുങ്കലിൽ നിന്നു മല്ലപ്പള്ളി റോഡിലൂടെ അമിതവേഗത്തിൽ ഓടിച്ചുപോയ കാർ മുക്കടയിൽ ഉപേക്ഷിച്ച ശേഷം പ്രതികള്‍ ഓട്ടോറിക്ഷയില്‍ കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്നു.

ഭർത്താവുമായി അകന്ന് ജീവിക്കുന്ന നീതു, അൻഷാദുമായി സൗഹൃദത്തിലായിരുന്നു. നീതു അൻഷാദിൽ നിന്നും അകന്നതാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ വീട്ടിൽ നിന്നും കറുകച്ചാലിലേക്ക് പോകുന്ന വഴി വെട്ടിക്കാവുങ്കൽ-പൂവൻപാറപ്പടി റോഡിൽവെച്ച് എതിരെ വന്ന കാർ നീതുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് വാഹനമിടിച്ച് അബോധാവസ്ഥയിലായി കിടന്ന നീതുവിനെ നാട്ടുകാരാണ് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത് .

ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. സംഭവം നടന്നയുടൻ ഒരു കാർ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് കറുകച്ചാൽ പൊലീസ് നടത്തിയ അന്വേഷണമാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ നീതുവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതിലേക്ക് പൊലീസ് എത്തിയത്.

Content Highlights: Kottayam Neethu Murder case one arrested

To advertise here,contact us