കൊച്ചി: പുലിപ്പല്ല് കേസിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കെതിരായ നടപടിക്കെതിരെ റാപ്പർ വേടൻ. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണ് തോന്നിയതെന്ന് വേടൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വേടൻ പ്രതിയായ പുലിപ്പല്ല് കേസിൽ മെയ് ആറാം തീയതിയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അധീഷിനെ സ്ഥലം മാറ്റിക്കൊണ്ട് വനംവകുപ്പ്ഉത്തരവിറക്കിയത്.
'അധീഷിനെതിരായ നടപടി സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ മാത്രം അഭിപ്രായമാണ്. ഞാൻ ചെയ്ത ജോലിക്ക് എനിക്ക് കിട്ടുന്ന സാധനങ്ങളാണ് ഈ വേട്ടയാടൽ. അത് ജീവിതകാലം മുഴുവൻ ഉണ്ടാകും. ഇത് നിരന്തരമായി ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇത് എനിക്ക് ശീലമായി മാറിയിരിക്കുന്നു. എന്തെങ്കിലും പറഞ്ഞാൽ വിവാദമാകും. കുറച്ച് ദിവസം കൂടി മര്യാദയ്ക്ക് ജീവിക്കട്ടെ'; വേടൻ പറഞ്ഞു.
കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് റാപ്പർ വേടനെ പുലിപ്പല്ല് കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ശ്രീലങ്കന് ബന്ധം ഉൾപ്പടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള് അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങള്ക്ക് മുന്പാകെ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. പിന്നാലെയാണ് അധീഷിനെ മലയാറ്റൂര് ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന് വനം മന്ത്രി എ കെ ശശീന്ദ്രന് ഉത്തരവിട്ടത്. പ്രഥമദൃഷ്ട്യാ സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്ട്ട് സമര്പ്പിക്കാന് വനം മേധാവിക്ക് നിര്ദേശം നല്കിയിട്ടുണ്ട്. റിപ്പോര്ട്ട് ലഭിച്ച ശേഷം തുടര് നടപടികള് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്.
Content Highlights:Rapper Vedan opposes action against Kodanad Forest Range Officer in tiger tooth case