മാവേലിയും ദുര്‍ഗ ദേവിയും ചെണ്ട കൊട്ടുന്ന ബാലനും…അതിമനോഹരമായി കുടമാറ്റം; ആവേശത്തിലാഴ്ത്തി സമാപനം

എല്‍ഇഡി കുടകളും രാത്രിയിലെ ഇരുട്ടില്‍ തിളങ്ങി നിന്നു

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി കുടമാറ്റത്തിന് സമാപനം. പാറേമക്കാവും തിരുവമ്പാടിയും പരസ്പരം വാശിയോടെ കുടമാറ്റം ഒരുക്കി. ഗണപതിയും വിഷ്ണുവും കൃഷ്ണനും ദുര്‍ഗ ദേവിയും മാവേലിയും കലോത്സവത്തിന്റെ സ്വര്‍ണ കപ്പും ചെണ്ട കൊട്ടുന്ന ബാലനുമടക്കം കൗതുകമുണര്‍ത്തുന്ന കുടകളാണ് ഇരു വിഭാഗവും ഒരുക്കിയത്.

എല്‍ഇഡി കുടകളും രാത്രിയിലെ ഇരുട്ടില്‍ തിളങ്ങി നിന്നു. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിന് പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. പാറേമക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറക്കം പൂര്‍ത്തീകരിച്ചതോടെയാണ് കുടമാറ്റത്തിന് തുടക്കമായത്. പാറേമക്കാവ് വിഭാഗമാണ് ആദ്യം പുറത്തേക്കിറങ്ങിയത്.

പിന്നാലെയാണ് തിരുവമ്പാടി വിഭാഗം പുറത്തിറങ്ങിയത്. തിരുവമ്പാടി, പാറേമക്കാവുകാരുടെ 15 ആനകള്‍ ഇരുഭാഗങ്ങളിലായി അണിനിരന്നു. ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലാണ് ഇഞ്ഞിത്തറ മേളം നടന്നത്. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്.

Content Highlights: Thrissur Pooram Kudamattam ended

To advertise here,contact us