വിഴിഞ്ഞം പദ്ധതി നാടിന്‍റെ ആവശ്യം, കേന്ദ്രം സഹായിച്ചില്ല: മുഖ്യമന്ത്രി

ജനങ്ങൾ നിരാശരായിരുന്ന കാലത്താണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്നും മുഖ്യമന്ത്രി

ആലപ്പുഴ: ജനങ്ങൾ നിരാശരായിരുന്ന കാലത്താണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പ്രവർത്തങ്ങൾ ജനങ്ങൾ ഏറ്റെടുത്തുവെന്നും അതിന് അനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോയതെന്നും അ​ദ്ദേഹം കൂട്ടിചേർത്തു. പ്രകടന പത്രിക വാഗ്ദാനങ്ങൾ ഓരോ വർഷവും വിലയിരുത്തിയിട്ടുണ്ടെന്നും അത് പ്രോഗ്രസ്സ് റിപ്പോർട്ട്‌ ആയി ജനങ്ങൾക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരമാവധി കാര്യങ്ങൾ നടപ്പിലാക്കിയ സ‍ർക്കാരായി എൽഡിഎഫ് സർക്കാർ മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തകർന്നിരുന്ന പലമേഖലകളേയും തിരിച്ച് പിടിച്ചിട്ടുണ്ടന്നും ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ മെച്ചപ്പെടുത്താൻ എൽഡിഎഫ് സ‍ർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അതിനാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസമേഖല രാജ്യത്ത് തന്നെ ഒന്നാമതായി എന്നും അദ്ദേഹം വ്യക്തമാക്കി.

നാടിനോട് സർക്കാരിന് പ്രതിബദ്ധതയുണ്ടെന്നും അതിനാൽ കൊവിഡ് കാലത്തും മറ്റും പതറാതെ മുന്നോട്ട് പോകാൻ സ‍‍ർക്കാരിന് സാധിച്ചിട്ടുണ്ടെന്നും നാടിന്റെ വികസത്തിനൊപ്പമാണ് സർക്കാർ എന്നും അദ്ദേഹം പറ‍ഞ്ഞു.

എന്നാൽ 2016 ന് മുൻപുള്ള സർക്കാർ അങ്ങനെ ആയിരുന്നില്ല. വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത നിലനിർത്തികൊണ്ടാണ് വിഴിഞ്ഞം പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. നിയമക്കുരുക്ക്‌ ഭയന്നാണ് കരാർ അതേപടി മുന്നോട്ട് കൊണ്ടു പോയതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. വിഴിഞ്ഞം പദ്ധതി നാടിന് ആവശ്യമായി കണ്ട് സ‍ർക്കാർ ആ പദ്ധതി വേ​ഗത്തിൽ പൂർത്തീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേ‍ർത്തു. എന്നാൽ സർക്കാരിനെ സഹായിക്കേണ്ട പലഘട്ടങ്ങളിലും കേന്ദ്രം സഹായിച്ചിട്ടില്ലെന്നും പലഘട്ടങ്ങളിലും വിദേശ സ​ഹായം പോലും തടഞ്ഞെന്നും എന്നാൽ കേരളം അതിനെയൊക്കെ അതിജീവിച്ചെന്നും അദ്ദേഹം പറ‍ഞ്ഞു.

തനത് ആഭ്യന്തര വരുമാനം വ‍ർധിപ്പിച്ച് കേരളം പിടിച്ച് നിന്നെന്നും അതിനാൽ നവകേരളം സൃഷ്ടിക്കും എന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യയിൽ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

Content Highlights: CM says people have taken over government's activities

To advertise here,contact us