പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; പുനലൂർ താലൂക്കാശുപത്രി ചികിത്സ വൈകിപ്പിച്ചു, സമഗ്ര അന്വേഷണം വേണമെന്ന് അമ്മ

കുത്തിവയ്പ്പ് എടുത്തപ്പോൾ മരുന്ന് മുഴുവൻ കയറിയില്ല. ബാക്കി മരുന്ന് മുറിവിലേക്ക് ഒഴിച്ചുവെന്നും ഹബീറ ആരോപിച്ചു

കൊല്ലം: പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണവുമായി അമ്മ. കുന്നിക്കോട് സ്വദേശി നിയ ഫൈസലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അമ്മ ഹബീറ റിപ്പോർട്ടറിലൂടെ ആവശ്യപ്പെട്ടു.

'പുനലൂർ താലൂക്കാശുപത്രിയിൽ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചു. കുത്തിവയ്പ്പ് എടുത്തപ്പോൾ മരുന്ന് മുഴുവൻ കയറിയില്ല. ബാക്കി മരുന്ന് മുറിവിലേക്ക് ഒഴിച്ചു', ഹബീറ ആരോപിച്ചു.

'പുനലൂർ താലൂക്ക് ആശുപത്രിലെ ചികിത്സയിൽ വിശ്വസിച്ചു. എന്നാൽ മകൾക്ക് കൃത്യമായ ചികിത്സ അവിടെ നിന്ന് ലഭിച്ചില്ലെന്ന് പിന്നീട് ബോധ്യമായി. വാക്സിനെടുത്തിട്ടും മകൾക്ക് എങ്ങനെ മരണം സംഭവിച്ചു' വെന്നും അവർ ചോദിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകും. ഇനി ഒരാൾക്കും ഈ ഗതി ഉണ്ടാവരുതെന്നും ഹബീറ പറഞ്ഞു.

തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടി ഇന്നലെ പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു. ഏപ്രിൽ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പിൽ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്‌സിൻ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഇന്നലെത്തന്നെ നിയ ഫൈസലിന്റെ ഖബറടക്കം നടന്നു. പ്രോട്ടോക്കോൾ പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ. പൊതുദർശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയിൽ നിന്നും നേരെ പളളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Content Highlights: Mother alleges negligence at Punalur Taluk Hospital in rabies death of 7 year old girl

To advertise here,contact us