കൊല്ലം: പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഏഴു വയസുകാരിയുടെ മൃതദേഹം ഖബറടക്കി. ഉറ്റവർക്ക് അവസാനമായി ഒരുനോക്ക് കാണാനാവാതെ കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു നിയ ഫൈസലിന്റെ ഖബറടക്കം. പ്രോട്ടോക്കോൾ പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ. പൊതുദർശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയിൽ നിന്നും നേരെ പളളിയിലേക്കാണ് കൊണ്ടുപോയത്.
അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് കാണാനുള്ള അവസരം ഇല്ലായിരുന്നു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടി ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഏപ്രിൽ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പിൽ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്സിൻ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, കുട്ടിക്ക് വാക്സിൻ കൃത്യമായി നൽകിയെന്നും ജീവതത്തിലേക്ക് തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നും എസ്എടി സൂപ്രണ്ട് ഡോ. ബിന്ദു പറഞ്ഞു. കടി കിട്ടിയ ഭാഗം ഉണങ്ങിയിരുന്നു. പക്ഷെ, നായയുടെ കടി ശക്തമായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
വിളക്കുടി ഗ്രാമപഞ്ചായത്തിൽ പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 15 വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കും. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം കൂടുതൽ കാര്യക്ഷമമാക്കുമെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.
Content Highlights: Body of seven-year-old girl who died of rabies cremated